ഷാര്‍ജയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് കടുത്ത ദേഹോപദ്രവം ഏല്പിച്ചതായി കുടുംബം

ഷാര്‍ജയില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി അതുല്യ സതീഷിൻ്റെ ദേഹമാസകലം മർദനമേറ്റതിൻ്റെ പാടുകള്‍.
ലഹരിക്ക് അടിമയായ ഭർത്താവ് സതീഷ് മകളെ നിരന്തരം ആക്രമിക്കുമായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം . സതീഷ് മർദിക്കുന്നതിൻ്റെയും അതുല്യക്ക് പരുക്കുകള്‍ ഏറ്റതിൻ്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതുല്യ ബന്ധുക്കള്‍ക്ക് അയച്ച വീഡിയോകളും ഫോട്ടോകളുമാണ് പുറത്തുവന്നത്.
കൊല്ലം കോയിവിള സ്വദേശിനി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ പീഡനത്തിന് ഇരയാവുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മ തുളസീഭായിക്ക് പുലര്‍ച്ചെ 2.30-ന് അതുല്യ അയച്ചിരുന്നു. ഭര്‍ത്താവ് സതീഷ് അതുല്യയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
തന്റെ മകള്‍ ജീവനൊടുക്കില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും
പിതാവ് രാജശേഖരന് പിള്ള പറഞ്ഞു. മുമ്ബും പീഡനത്തെ തുടര്‍ന്ന് ഇരുവരും പിണങ്ങുകയും ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും മൊഴിയുണ്ട്. അതുല്യയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. താന്‍ പുറത്ത് പോയി മടങ്ങി വന്നപ്പോള്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവ് സതീഷിന്റെ അവകാശവാദം.