പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 12 വയസ്സുകാരിയെ ഇരുപതുകാരന് കുത്തിക്കൊന്നു
മഹാരാഷ്ട്രയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആദിത്യ കാംബ്ലെ (20) എന്ന യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്.
രാത്രി 7.30 ഓടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കൊണ്ട് എട്ട് തവണ കുത്തുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി രണ്ട് തവണ നിരസിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീടിനു സമീപം തന്നെയാണ് പ്രതിയും താമസിക്കുന്നത്. സംഭവ ദിവസം പെണ്‍കുട്ടിയുടെ വീടിന് സമീപം നാല് മണിക്കൂറോളം ഇയാൾ ചുറ്റിത്തിരിഞ്ഞിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നില്ല. 7.30 ഓടെ ട്യൂഷൻ കഴിഞ്ഞ് അമ്മയ്ക്കൊപ്പം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുട്ടിയെ ആശുപത്രയില്‍ എത്തിച്ചത്. ഇതിനിടയില്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിത്യയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.