14കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി, ജീവനോടെ കത്തിച്ചു; രാജസ്ഥാനില്‍ സഹോദരങ്ങള്‍ക്ക് വധശിക്ഷ
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊന്ന കേസില്‍ സഹോദരങ്ങള്‍ക്ക് വധശിക്ഷ. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലുള്ള പ്രത്യേക പോക്സോ കോടതിയാണ് സഹോദരങ്ങളെ വധശിക്ഷക്ക് വിധിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് പറഞ്ഞ ജഡ്ജ് അനില്‍ ഗുപ്ത ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. അതേസമയം തെളിവ് നശിപ്പിക്കാന്‍ സഹായിച്ച ഏഴ് പേരെയും കോടതി വെറുതേ വിട്ടു. ഭില്‍വാരാ കോത്രി ഗ്രാമത്തില്‍ കാലി മേയ്ക്കുന്നതിനിടെയാണ് 14കാരിയെ കല്‍ക്കരി ചൂളയിലെ ജീവനക്കാരായ കാലു കല്‍ബെലിയും കന്ഹ കല്‍ബെലിയും തട്ടിക്കൊണ്ടുപോയതെന്ന് ഡിഎസ്പി ശ്യാം സുന്ദര്‍ ബിഷ്ണോയി പറഞ്ഞു.
നാലു മണിക്കൂറിലധികം പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പ്രതികള്‍, പിന്നീട് ഭാര്യയും അമ്മയും ഉള്‍പ്പെടെയുള്ള വീട്ടുകാരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. എല്ലാവരും കൂടി ചേര്‍ന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ ജീവനോടെ കൽക്കരി ചൂളയിലേക്കിടുകയായിരുന്നു. തെളിവു നശിപ്പിക്കാനായി മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ സമീപത്തുള്ള കിണറ്റിലിട്ടെന്നും ഡിഎസ്പി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങള്‍ കല്‍ക്കരി ചൂളയില്‍ നിന്നും കണ്ടെത്തി. പിന്നാലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരുള്‍പ്പെടെ 11 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.