ഇനി ജീവിക്കണ്ട; തന്നെ തൂക്കി കൊല്ലണമെന്ന് പെരിയ കേസിലെ 15ാം പ്രതി
പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയിൽ ഇളവ് നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ട് പ്രതികള്‍. അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രൻ തനിക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കരഞ്ഞുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകത്തിൽ പങ്കില്ലെന്നും തനിക്ക് ജീവിക്കേണ്ടെന്നും ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും തൂക്കി കൊല്ലാൻ വിധിക്കണമെന്നും എ സുരേന്ദ്രൻ കോടതിയിൽ പറഞ്ഞു.
പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളും ഉണ്ടെന്നാണും ശിക്ഷയിൽ ഇളവ് വേണമെന്നും ഏറെ നാളായി ജയിലിൽ ആണെന്നുമാണ് മറ്റു പ്രതികള്‍ ആവശ്യപ്പെട്ടത്. പതിനെട്ടാം വയസിൽ ജയിലിൽ കയറിയതാണെന്നും പട്ടാളക്കാരാൻ ആകാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഏഴാം പ്രതി അശ്വിൻ പറഞ്ഞു. വീട്ടുകാരെ ആറ് വര്‍ഷമായി കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അമ്മ രോഗാവസ്ഥയിലാണെന്നും എട്ടാം പ്രതി പറഞ്ഞു.