പൊന്നാനിയിലെ 350 പവന് സ്വര്‍ണക്കവര്‍ച്ച; അന്വേഷണം തുടങ്ങി
പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
അടുത്ത കാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയവരുടെ ഉള്‍പ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. പ്രതിയിലേക്ക് എത്താനുള്ള കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നിലധികം പേര് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണമാണ് നഷ്ടമായത്. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്.