മലപ്പുറത്ത് മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43കാരന് 11 വര്‍ഷം കഠിന തടവ്

മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43കാരന് 11 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം. ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം കഠിന തടവുമാണ് ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പ്രതി പിഴയടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നല്‍കണം. നഷ്ടപരിഹാരം അനുവദിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പെരിന്തല്‍മണ്ണ എസ്.ഐമാരായിരുന്ന എ.എം. യാസിര്‍, കെ.കെ. തുളസി എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.