നാല് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് കുരുക്ക് മുറുകുന്നു

വെറും നാല് വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ മലയാള സിനിമ നടനും മിമിക്രി താരവും ആയ കൂട്ടിക്കല്‍ ജയചന്ദ്രന് ഇരയെ ഭീഷണിപ്പെടുത്തുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
കൂട്ടിക്കൽ ജയചന്ദ്രൻ നല്കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന് ആര് ബസന്താണ് നടനുവേണ്ടി കോടതിയില്‍ ഹാജരാവുക. അദ്ദേഹത്തിന്റെ സൗകര്യാര്‍ഥമാണ് ഹര്‍ജി മാറ്റിയത്. ഇടക്കാല സംരക്ഷണവും മറ്റന്നാള്‍ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ ബുധനാഴ്ച കോടതി പരിഗണിക്കും.
കഴിഞ്ഞ ജൂണില്‍ ആണ് നടന് കൂട്ടിക്കല്‍ ജയചന്ദ്രന് നാലു വയസുകാരി പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ഉയരുന്നത്. കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. അതിനെ തുടർന്ന് ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടന്, ഹൈക്കോടതിയടക്കം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരിയില്‍ കേസ് പരിഗണിച്ച സുപ്രീം കോടതി, മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നൽകിയിരുന്നു.
ഒളിവിൽ പോയ കൂട്ടിക്കൽ ജയചന്ദ്രനെ പിടികൂടാൻ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ നഗരത്തിലെ സുഹൃത്തുക്കളുടെ വിവിധ ഫ്ലാറ്റുകളിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ഇതിനിടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ, നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ, ഈ പോക്സോ കേസിൽ മെഡിക്കൽ റിപ്പോർട്ട് ആണ് നിർണായകമായി മാറിയത്. കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാരാണ് കേസിലെ മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതയിൽ സമർപ്പിച്ചത്.
കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും, താൻ നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.
കുടുംബത്തിലെ പ്രശ്നങ്ങൾ ആണ് നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നിലെ കാരണം എന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി കാണിച്ച് കൊണ്ട് സർക്കാർ ചോദ്യം ചെയ്തത്. കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കുട്ടി താൻ നേരിട്ട പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നൽകിയിട്ടുണ്ടെന്നും പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നായിരുന്നു സർക്കാരിന്റെ ചോദ്യം. ഇതിന് പിന്നാലെ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിക്കുകയും ചെയ്തു.