അടച്ച് പൂട്ടലിൻറെ വക്കിലെത്തിയ ചാനൽ, എന്നിട്ടും നീതിബോധം കൈവിടാതെ നികേഷ്കുമാർ; മാധ്യമ പ്രവർത്തകർ മാതൃകയാക്കേണ്ട ഒരു പോരാട്ടത്തിൻറെ കഥ
ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളെ ശിക്ഷിക്കുന്നു, ബാക്കിയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുന്നു. പുത്രത്ത് കേക്കും ലഡുവും വിതരണം ചെയ്യുന്നു. വൈകീട്ട് വരാൻ പോകുന്ന സിനിമയുടെ ട്രെയിലർ വരുന്നു.
എന്നാൽ ഈ കേസും കാര്യങ്ങളുമായി ദിലീപ് മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്നും മാറി നിന്ന വര്ഷങ്ങളിലാണ് ഇവിടെ കൂടുതൽ നല്ല സിനിമകൾ ഉണ്ടായത് എന്ന് പറയേണ്ടി വരും . ഒരുപാട് പുതുമുഖ താരങ്ങളും സംവിധായകരും ഉണ്ടായി. മട്ടാഞ്ചേരി മാഫിയ എന്ന് വിളിച്ച് തളർത്താൻ നോക്കിയെങ്കിലും മട്ടാഞ്ചേരി ടീം നല്ല പ്രകടനം കാഴ്ച വെച്ചു. പഴയ കോമഡിയും, പഴത്തൊലിയിൽ തട്ടി വീഴലും അരിപ്പൊടി തലയിൽ വീഴുന്നതും ഒക്കെ യൂട്യൂബിലേക്ക് സ്ഥാനം മാറിപ്പോയ കാലം കൂടിയായിരുന്നു ഇത്.
അതിജീവിതക്ക് വേണ്ടത് സഹതാപമല്ല. ഇതു വരെയുള്ള അതിജീവിതയുടെ പോരാട്ടത്തെ കളിയാക്കുന്നതിനു തുല്യമാണ് അത്. അവരോട് ഐക്യപ്പെടാൻ അവൾക്കൊപ്പം എന്നതിലുപരി, അവനെതിരെ എന്ന നിലപാടും ഇപ്പോൾ ഉണ്ടാകുന്നുണ്ട്.
സീനിയർ നടൻ തിലകന്റെ അനുഭവം ഇനിയൊരു ജൂനിയർ നടന് പോലും ഉണ്ടാകരുത്.
കഴിവുള്ള നടൻമാർ ആരും തഴയപ്പെടരുത്. ഇന്ത്യൻ സിനിമക്ക് നല്ല കുറെ സിനിമകൾ സമ്മാനിക്കാൻ ഇനിയും മലയാള സിനിമ സജീവമായി ഉണ്ടാകണം. ചൂണ്ടയിട്ട് ചെരുപ്പ് കിട്ടുന്ന വളിച്ച തമാശകൾ അല്ല ഈ ഇന്ഡസ്ട്രിക്ക് വേണ്ടത്.
അഞ്ചാം പാതിരായും, ട്രാൻസും, അയ്യപ്പനും കോശിയും, കപ്പേളയും, ഓപ്പറേഷൻ ജാവയും, നായാട്ടും, കുരുതിയും, ചുരുളിയും, മാലിക്കും, ഭീമന്റെ വഴിയും, ഹോമും ഒക്കെ സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി എന്നിവർ ഇല്ലാത്ത സിനിമകളാണ്. ടോവിനോ, ആസിഫ് അലി, ഫഹദ്, ജോജു ജോർജ്ജ് ഒക്കെ മുൻനിരയിലേക്ക് എത്തി. ഇരട്ടയും ആർഡിഎക്സ്ഉം 2018 ഉം ഒക്കെ മികച്ച അഭിപ്രായം നേടിയപ്പോളും വോയിസ് ഓഫ് സത്യനാഥനും, പവി കെയർ ടേക്കറും, ബാന്ദ്രയും, തങ്കമണിയും ഒക്കെ ഗതകാല സ്മരണകൾ ഉയർത്തിക്കൊണ്ട് വന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല. അതുകൊണ്ട് മലയാള സിനിമ ഇതുപോലെ പോകുന്നത് തന്നെയാണ് നല്ലത്.
മറ്റൊരു കാര്യം മലയാളം ചാനലുകളെ കുറിച്ചാണ്. അവൾക്കൊപ്പം എന്ന് ഉറപ്പിച്ച് പറയുന്ന വളരെ കുറച്ച് ചാനലുകൾ മാത്രമാണ് ഇന്ന് മലയാളത്തിലുള്ളത്. റിപ്പോർട്ടർ, ന്യൂസ് മലയാളം, കൈരളി എന്നീ ചാനലുകൾ അതിലുണ്ട്.
അതിൽ എടുത്ത് പറയേണ്ടത് സാമ്പത്തിക ബാധ്യതകൾ കൊണ്ട് അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിന്നിരുന്ന പഴയ റിപ്പോർട്ടർ ചാനലിനെ കുറിച്ചാണ്. നികേഷ്കുമാർ എന്ന മനുഷ്യന്റ നിശബ്ദത കൊണ്ട് മാത്രം അന്ന് അവർക്ക് കോടികൾ കിട്ടിയേനെ. അന്ന് ആരോടും കണക്കൊന്നും പറയേണ്ട ബാധ്യതയും അയാൾക്ക് ഇല്ലായിരുന്നു. കിട്ടുന്നത് മൊത്തം സ്വന്തം പോക്കറ്റിലേക്ക് ഇടാമായിരുന്നു.
എന്നിട്ടും നീതിക്ക് വേണ്ടി അയാൾ അവസാനം വരെ പോരാടി. ഒറ്റക്കിരുന്നു ആ സ്റ്റുഡിയോയിൽ അയാൾ വാർത്തകൾ നിരന്തരം കൊടുത്ത് കൊണ്ടിരുന്നു. എത്രയോ വര്ഷങ്ങളാണ് അത് അദ്ദേഹം തുടർന്നത്. ആ നീതിബോധം അല്ലെങ്കിൽ ധാർമ്മികതക്ക് ഒപ്പം വെക്കാൻ പറ്റിയ ഒരു മാധ്യമ പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല.
ചാനൽ അടച്ച് പൂട്ടി പോകേണ്ട അവസ്ഥയിലും സത്യം മുറുകെ പിടിച്ച നികേഷ്കുമാർ വലിയൊരു കയ്യടി അർഹിക്കുന്നുണ്ട്. അത് അയാൾ പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ ചങ്കുറപ്പ് കൂടെയാണ്. ഈ ഒരു വിചാരണ കോടതിയിലോ, ഇറങ്ങാനിരിക്കുന്ന സിനിമയിലോ തീരുന്നതല്ല നടി ആക്രമിക്കപ്പെട്ട കേസ്. അതിജീവിതക്ക് 100 ശതമാനം നീതി ലഭിക്കുന്നത് വരെ അത് തുടരും. ഇന്ത്യ അടക്കി ഭരിച്ച ഒരു പ്രധാനമന്ത്രിയെ വരെ വലിച്ച് താഴെയിടാൻ കെൽപ്പുള്ളതാണ് ഇവിടുത്തെ പരമോന്നത നീതിപീഠം എന്നത് നേരത്തെ തെളിയിച്ച കാര്യമാണ്. അതുകൊണ്ട് ഇരക്ക് നീതികിട്ടും വരെ ഈ പോരാട്ടം നീണ്ടുനിൽക്കും.













