അപൂർവങ്ങളിൽ അപൂർവമല്ലാത്തൊരു കൊലപാതകം!!!!
പക്ഷെ ആ പെൺകുട്ടി അനുഭവിച്ചത് !!!!
‘നഷ്ടപരിഹാരം വേണ്ട, വേണ്ടത് നീതി…’ 2024 ഓഗസ്റ്റ് ഒൻപതിന് കൊല്‍ക്കത്തയിലെ ആർ.ജി. കർ മെഡിക്കല്‍ കോളേജില്‍ ക്രൂരപീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ട്രെയ്നി ഡോക്ടറുടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു.
രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ആർ ജി കർ മെഡിക്കല്‍ കോളേജ് ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം.ജീവിതകാലം മുഴുവൻ ജയിലില്‍ കഴിയണമെന്ന് കോടതി വിധിയില്‍ പറഞ്ഞു. സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പറഞ്ഞത്. പ്രതി അരലക്ഷം പിഴയടയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐയും കുടുംബവും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപൂർവങ്ങളില്‍ അപൂര്‍വമായി ഈ കേസിനെ കാണാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു. വിധിവായിക്കുന്നതിന് മുമ്ബ് കോടതി, പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.
എംഡിയില്‍ സ്വർണ മെഡലോടെ ഒന്നാം റാങ്ക് നേടണമെന്ന് സ്വപ്നം കണ്ട്, ഉറങ്ങാൻ കിടന്ന അവള്‍ക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ വേദനയും മരണവും ആയിരുന്നു. ആ മകളുടെ നഷ്ടത്തിന് പകരമായി തങ്ങള്‍ക്ക് ധനസഹായം വേണ്ടെന്ന് മാതാപിതാക്കള്‍ ഉറച്ചുനിന്നു.
വേണ്ടത് നീതിയാണെന്ന് പ്രഖ്യാപിച്ച് സി.ബി.ഐ. അന്വേഷണത്തില്‍ പ്രതീക്ഷയർപ്പിച്ചാണ് കുടുംബം വിധിക്കായി കാത്തിരുന്നത്. കൊല്ലപ്പെട്ട ഡോക്ടർ അവസാനമായി ഡയറിയില്‍ കുറിച്ച ഹൃദയഭേദകമായ കുറിപ്പ് മുമ്ബ് പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഡോക്ടർ ഓഫ് മെഡിസിൻ പരീക്ഷയില്‍ ഒന്നാമതായി സ്വർണ മെഡല്‍ നേടാനായിരുന്നു അവളാഗ്രഹിച്ചത്. മകള്‍ നന്നായി പഠിക്കുമായിരുന്നെന്നും അവളെ ഒരു ഡോക്ടറായി കാണാൻ കുടുംബം ഒരുപാട് പ്രയാസം നേരിട്ടെന്നും പിതാവ് വേദനയോടെ പറഞ്ഞിട്ടുണ്ട്. മകളുടെ ലക്ഷ്യത്തിലെത്താനായി ദിവസവും 10-12 മണിക്കൂറോളം അവളും പ്രയത്നിച്ചിരുന്നു.
2024 ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ വനിത ജൂനിയർ ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്. 31-കാരിയായ യുവതി തലേദിവസമാണ് ജോലിക്ക് കയറിയത്. പിറ്റേന്ന് രാവിലെ അർധനഗ്നമായി സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിൽ ശരീരത്തിലുടനീളം മുറിവുകളോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടാംവർഷ പിജി വിദ്യാർഥിയായിരുന്നു അവർ. ക്രൂരമായ ബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പോലീസ് നല്കിയ വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് മെഡി. കോളേജിലെ സിവിക് വൊളന്റിയറായ സഞ്ജയ് റോയിയെ പിറ്റേന്ന് പോലീസ് അറസ്റ്റുചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളുമുണ്ടെന്ന് നാല് പേജുകളുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. കണ്ണുകളില്‍നിന്നും വായയില്‍നിന്നും രക്തം പുറത്തേക്ക് വന്നുകൊണ്ടിരുന്ന മൃതദേഹത്തിന്റെ മുഖത്തും നഖങ്ങളിലും മുറിവുകള്‍, വയർ, ഇടതുകാല്, കഴുത്ത്, വലതു കൈ, മോതിര വിരല്‍, ചുണ്ട് എന്നീ ഭാഗങ്ങളില്‍ പരിക്കുകള്‍ എന്നിവ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാല്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് കൊല്‍ക്കത്ത പോലീസ് വ്യക്തമാക്കിയത്. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൃത്യം നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
യുവതിക്കൊപ്പം വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഞ്ച് ഡോക്ടർമാരേയും പോലീസ് ചോദ്യംചെയ്തിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് സെമിനാർ ഹാളില്‍വെച്ച് അഞ്ച് ഡോക്ടർമാർ ഒരുമിച്ചിരുന്നാണ് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്ബിക്സില്‍ ജാവലിൻത്രോ മത്സരം കാണാനിരുന്നു. പിന്നീട് മറ്റുള്ളവർ സെമിനാർ ഹാളില്‍നിന്ന് മടങ്ങിയപ്പോള്‍ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടർ ഹാളില്‍ തന്നെ തങ്ങുകയായിരുന്നു. പഠനത്തിന് ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്. ആശുപത്രിയില്‍ വിശ്രമത്തിനായി പ്രത്യേക മുറി ഉണ്ടായിരുന്നില്ല.
സംഭവസമയത്ത് സെമിനാർ ഹാള്‍ പരിസരത്തുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും സഞ്ജയ് റോയിയെയും ചോദ്യംചെയ്തപ്പോള്‍ സഞ്ജയ് റോയി പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇയാളെ ശനിയാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെ സംഭവസ്ഥലത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് പ്രതിയുടെ ഫോണില്‍ കണക്ടായതും നിർണായകമായി. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
അറസ്റ്റിലായ സഞ്ജയ് റോയ് പോലീസിന്റെ സിവിക് വൊളണ്ടിയർ ആയിരുന്നതിനാല്‍ ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിക്കാൻ ഇയാള്‍ക്ക് തടസ്സങ്ങളില്ലായിരുന്നു. ആഗസ്റ്റ് 9- വെള്ളിയാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിയ ഇയാള്‍ സെമിനാർ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചതോടെ ഡോക്ടറെ കൊലപ്പെടുത്തുകയും പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയുംചെയ്തു. തുടർന്ന് രാവിലെ സ്ഥലത്തെത്തിയ മറ്റുഡോക്ടർമാരാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
ഇവിടെനിന്നും ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണ്ടെത്തിയതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടുന്നതില്‍ നിർണായക പങ്കുവെച്ചത്. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് സസൂക്ഷ്മം പരിശോധിച്ചു. 15 ലാപ്ടോപ്പുകളാണ് ഇതിനായി ഉപയോഗിച്ചത്. പരിശോധനയില്‍ പുലർച്ചെ നാല് മണിക്കും ആറ് മണിക്കും ഇടയില്‍വെച്ചാണ് കൃത്യം നടന്നതെന്ന് ഉറപ്പിച്ചു. ഏകദേശം നാല് മണിയോടെ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വന്നതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. നാല് മണിയോടെ ചെവിയില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്, തിരികെപോകുമ്ബോള് ചെവിയില്‍ ഹെഡ്സെറ്റ് ഇല്ലായിരുന്നുവെന്ന് സിസിടിവി പരിശോധനയില്‍ വ്യക്തമായിരുന്നു.
പ്രതിയായ സഞ്ജയ് റോയിയുടെ മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍നിന്ന് നിറയെ അശ്ലീലവീഡിയോകള്‍ കണ്ടെടുക്കുകയുണ്ടായി. മുമ്ബും സഞ്ജയ് റോയ് ആശുപത്രിയിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതായും മുൻഭാര്യയെ മർദിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവദിവസം ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി 11 മണിക്ക് തന്നെ പ്രതി ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന ഇയാള്‍ പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെയാണ് ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ പ്രതി പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പോലീസ് കണ്ടെത്തി. കൊലയ്ക്ക് ശേഷം താമസസ്ഥലത്തെത്തിയ പ്രതി വെള്ളിയാഴ്ച രാവിലെ കിടന്നുറങ്ങി. എഴുന്നേറ്റശേഷം കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി. എന്നാല്‍, പ്രതി ധരിച്ചിരുന്ന ഷൂവില്‍ രക്തക്കറ അവശേഷിച്ചിരുന്നു. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഈ ഷൂ പോലീസ് കണ്ടെടുത്തത് കേസിലെനിർണായക തെളിവായി.
2019 മുതല്‍ പോലീസിന്റെ സിവിക് വൊളണ്ടിയറായിരുന്നു സഞ്ജയ് റോയ്. 2019-ല്‍ കൊല്‍ക്കത്ത പോലീസിന്റെ ദുരന്തനിവാരണ സംഘത്തിലാണ് ഇയാള്‍ സിവിക് വൊളന്റിയറായി ചേർന്നത്. പിന്നീട് പോലീസ് വെല്‍ഫയർ സെല്ലിന്റെ കീഴില്‍ വൊളന്റിയറായി. ഈ കാലയളവിലാണ് ആർ.ജി. കർ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലെ പോലീസ് ഔട്ട്പോസ്റ്റില്‍ ഇയാളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനം, പോലീസിനെ സഹായിക്കല്‍ എന്നിവയാണ് സിവിക് വൊളണ്ടിയറുടെ ഡ്യൂട്ടി.
പ്രതി കൊല്‍ക്കത്ത പോലീസിലെ ഉദ്യോഗസ്ഥനാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നത്. കൊല്‍ക്കത്ത പോലീസിന്റെ ടീഷർട്ട് ധരിച്ച് കറങ്ങിനടന്നിരുന്ന ഇയാള്‍, സ്വയം പരിചയപ്പെടുത്തുമ്ബോഴും പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടിരുന്നു. മാത്രമല്ല, ഇയാളുടെ ബൈക്കില്‍ കൊല്‍ക്കത്ത പോലീസിന്റെ സ്റ്റിക്കർ പതിച്ചിരുന്നു.
എന്നാൽ കേസില്‍ സത്യം മറച്ചുവെക്കാനുള്ള ശ്രമം നടക്കുന്നതായി യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. മകള്‍ ആത്മഹത്യ ചെയ്തു എന്ന വിവരമാണ് ആശുപത്രി അധികൃതർ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളെ വിളിച്ച് അറിയിച്ചത്. ഇക്കാര്യം കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. ബികാഷ് രഞ്ജൻ ഭട്ടാചാര്യ കോടതിയെ അറിയിച്ചിരുന്നു.
നെഞ്ചുരോഗ വിഭാഗത്തിലെ അസി. സൂപ്രണ്ടാണ് ഡോക്ടറുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടത്. ഫോണ്‍ ചെയ്തയാള്‍ പേര് പറഞ്ഞിരുന്നില്ലെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍. ആശുപത്രിയിലെത്തിയ തങ്ങളെ ആദ്യം മൃതദേഹം കാണിക്കാൻ തയ്യാറായില്ലെന്നും ഉച്ചയ്ക്കാണ് മൃതദേഹം കാണാൻ സമ്മതിച്ചതെന്നും ഡോക്ടറുടെ അമ്മ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.
കൊലപാതകത്തില്‍ സംശയങ്ങളും അഭ്യൂഹങ്ങളും നിലനിന്നിരുന്നു. അരമണിക്കൂറിനുള്ളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഇത്ര ക്രൂരമായി എങ്ങനെ അക്രമം ചെയ്തുവെന്നും ഇത്രനേരം ഉപദ്രവിച്ചിട്ടും വനിതാ ഡോക്ടർ നിലവിളിക്കുന്നത് ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന മറ്റാരും കേട്ടില്ലേ എന്നും തുടങ്ങിയ ചോദ്യങ്ങളുയർന്നിരുന്നു.
കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയിക്ക് ഒറ്റയ്ക്ക് കൃത്യം നടത്താനാകുമോ എന്ന സംശയം സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയായി. ഒരാള്‍ മാത്രം ഉപദ്രവിച്ചാല്‍ സംഭവിക്കുന്ന മുറിവുകളല്ല വനിതാ ഡോക്ടറുടെ ശരീരത്തിലുണ്ടായിരുന്നതെന്നും പ്രതിക്കൊപ്പം കൂട്ടാളികളുണ്ടാകാമെന്നും ചർച്ചകള്‍ വന്നു. എന്നാല്‍ സഞ്ജയ് റോയി മാത്രമാണ് കേസിലെ പ്രതിയെന്നാണ് പോലീസ് കണ്ടെത്തിയത്.
ശ്വാസംമുട്ടിയാണ് ഡോക്ടറുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ക്രൂരമായ ലൈംഗികാതിക്രമം നടന്നതിനും തെളിവുകളുണ്ട്. മൃതദേഹത്തില്‍ ഒട്ടറെ മുറിവേറ്റ പാടുകളുണ്ട്. അതിക്രൂരമായ ആക്രമണം നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മാതാപിതാക്കള്‍ കോടതിയില്‍ നല്കിയ ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തലയുടെ പല ഭാഗങ്ങളിലും കടുത്ത ആഘാതമേറ്റത്തിന്റെ അടയാളങ്ങളുണ്ട്. ഇരുചെവികളിലും മുറിവുകളുണ്ടായിരുന്നു. ചുണ്ടിലും മുറിവേറ്റു. ശക്തമായ മല്‍പ്പിടിത്തം നടന്നതിന്റെയും വായ പൊത്തിപ്പിടിച്ചതിന്റെയും ലക്ഷണമാണിത്. ഇതിനുപുറമേ കഴുത്തില്‍ കടിച്ചുപരിക്കേല്‍പ്പിച്ചതിന്റെ പാടുകളുണ്ട്. കുറഞ്ഞ സമയംകൊണ്ട് ഒരാള്‍ക്ക് ഇത്ര പരിക്കേല്പിക്കാൻ കഴിയുമോ എന്നും കൂട്ടബലാത്സംഗം സംശയിക്കുന്നതായും മാതാപിതാക്കള്‍ ഹർജിയില്‍ പറഞ്ഞിരുന്നു.
വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയർന്നതോടെ കൊല്‍ക്കത്ത ഹൈക്കോടതിയാണ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റേതുള്പ്പെടെ ഉള്‍പ്പടെ അഞ്ച് പൊതുതാത്പര്യ ഹർജികള്‍ പരിഗണിച്ചശേഷമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനവും ജസ്റ്റിസ് ഹിരണ്മയ ഭട്ടാചാര്യയും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.
കേസില്‍ പശ്ചിമബംഗാള്‍ സർക്കാരിനെതിരേ കോടതി കടുത്ത വിമർശനം നടത്തി. സംഭവത്തില്‍ എന്തുകൊണ്ട് ആദ്യം കൊലപാതക കേസ് റജിസ്റ്റർ ചെയ്തില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തില്ലെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പോലീസിനോട് ചോദിച്ചു. ആർ.ജി. കർ കോളേജ് പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയില്‍ പ്രവേശിക്കാനും കോടതി നിർദേശിച്ചു. കേസില്‍ കോളേജ് പ്രിൻസിപ്പലിനെയാണ് ആദ്യം ചോദ്യംചെയ്യേണ്ടിയിരുന്നതെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കൊലപാതകത്തിനുശേഷം രാജിവെച്ച സന്ദീപ് ഘോഷ് മണിക്കൂറുകള്‍ക്കുശേഷം മറ്റൊരു കോളേജിലെ പ്രിൻസിപ്പലായി നിയമിതനായത് എങ്ങനെയാണെന്നും സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു.
ഓഗസ്റ്റ് 13-നാണ് സി.ബി.ഐ. കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഒന്നാം പ്രതി സഞ്ജയ് റോയ്ക്കെതിരെ കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചു. ജോലിക്കിടയിലെ വിശ്രമസമയത്ത് ആശുപത്രിയിലെ സെമിനാർ ഹാളില്‍ ഉറങ്ങാൻ പോയപ്പോഴാണ് പ്രതി ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രത്തില്‍ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞ സി.ബി.ഐ. സഞ്ജയ് റോയ് ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്ന് വിശദമാക്കിയിരുന്നു.
നവംബർ 11 മുതല്‍ അടച്ചിട്ട കോടതിമുറിയില്‍ നടന്നുവന്ന വിചാരണയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവടക്കം അൻപതോളം സാക്ഷികളെ വിസ്തരിച്ചു. മുൻ പോലീസ് കമ്മീഷണർ വിനീത് ഗോയലിനെതിരേ ആരോപണവുമായി പ്രതി സഞ്ജീവ് റോയ് രംഗത്തെത്തിയിരുന്നു. കേസില്‍ തന്നെ കുടുക്കിയതാണെന്നും ഗൂഢാലോചനയ്ക്ക് പിറകില്‍ വിനീത് ഗോയലടക്കം മറ്റ് ഉന്നത ഉദ്യോഗസ്ഥരുണ്ടെന്നും പ്രതി മാധ്യമങ്ങളോട് പറഞ്ഞു.
സഞ്ജയ് റോയിക്കെതിരെ ഫോറൻസിക് തെളിവുകള്‍ നിരത്തി സിബിഐ ഒക്ടോബറില്‍ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ 11 നിർണായക തെളിവുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെളിവുകളെല്ലാം പ്രതി മാത്രമാണ് കുറ്റക്കാരൻ എന്നാണ് തെളിയിക്കുന്നതെന്ന് പറഞ്ഞ സിബിഐ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞിരുന്നു.
കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍നിന്ന് സഞ്ജയുടെ ഡിഎൻഎ സാമ്ബിളുകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ഉമിനീരും സഞ്ജയുടേതാണ്. കൃത്യം നടന്ന സ്ഥലത്തുനിന്നും ഇയാളുടെ മുടിയും കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, പ്രതിയുടെ ശരീരത്തില്‍ മുറിവുകളും വസ്ത്രങ്ങളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തവും പറ്റിയിട്ടുണ്ട്. ഇയാളുടെ ശരീരത്തിലെ മുറിവുകള്‍ പെണ്‍കുട്ടി ബലാത്സംഗത്തെ എതിർത്തപ്പോള്‍ സംഭവിച്ചതാവാം എന്നാണ് സിബിഐ റിപ്പോർട്ടിലുണ്ടായിരുന്നത്. സഞ്ജയുടെ ഫോണ്‍ ലൊക്കേഷനും സംഭവസമയത്ത് കുറ്റകൃത്യം നടന്നയിടത്താണ് ഉണ്ടായിരുന്നത് എന്നും റിപ്പോർട്ടിലുണ്ടായിരുന്നു.