‘അഭിലാഷം’ സിനിമ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
‘അഭിലാഷം’ സിനിമ സംവിധായകൻ ഷംസു സൈബ അറസ്റ്റിലായി. നിർമാതാവ് ആൻ സരിഗ ആന്റണി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് അറസ്റ്റ്. സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ തൃപ്പൂണിത്തുറ പോലീസാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് പകപോക്കലെന്ന് സംവിധായകൻ പറയുന്നു. ഷൂട്ടിങ് സമയത്ത് നിർമാതാവുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ പകപോക്കലാണ് കേസെന്നും സംവിധായകൻ പൊലീസിന് മൊഴി നൽകി. കരാറിൽ പറഞ്ഞതിൽ കൂടുതൽ തുക കൈവശപ്പെടുത്തിയതായാണ് പരാതി. നിർമാതാവിനെതിരെ ഉള്ള പരാതികൾ അണിയറ പ്രവർത്തകർ ഫെഫ്കയെ ധരിപ്പിച്ചിരുന്നു എന്നും മൊഴിയുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നിർമ്മാതാവും സാങ്കേതിക വിദഗ്ധരും തമ്മിൽ പ്രതിഫലം ഉൾപ്പെടെയുള്ള തർക്കങ്ങൾ ഉണ്ടായതായും ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് ഛായാഗ്രാഹകൻ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നൽകാമെന്ന് നിർമ്മാതാവ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് അസോസിയേഷൻ വിഷയം ഒത്തുതീർപ്പാക്കി. ദുൽഖർ സൽമാൻ നിർമിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിന് ശേഷം ഷംസു സംവിധാനം ചെയ്ത സിനിമയായിരുന്നു ‘അഭിലാഷം’.













