നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെ അറസ്റ്റ് ചെയ്തില്ല; മൂന്ന് മാസമായി ഒളിവിലെന്ന് പൊലീസ്

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. നടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിന്റെ വീഴ്ചയുണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ ജൂണ്‍ എട്ടിനാണ് കോഴിക്കോട്ടെ ഒരു വീട്ടില്‍ വെച്ച് നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലുണ്ടായതായും, പ്രതി പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.