ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു .
വിചാരണ കോടതി മതിയായ തെളിവുകൾ പരിശോധിക്കാതെയാണ് ക്രൈബ്രാഞ്ചിൻറ അപേക്ഷ നിരസിച്ചതെന്ന് അപ്പീലിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. കൂടാതെ ഹരജി തള്ളിയത് നിയമവിരുദ്ധമാണെന്നുമാണെന്നും ക്രൈബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന് നടിയെ അക്രമിച്ച കേസിൽ ജാമ്യം അനുവദിക്കുമ്പോൾ നിർദേശിച്ചിരുന്ന പ്രധാന വ്യവസ്ഥ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യരുതെന്നതായിരുന്നു. എന്നാൽ വിപിൻ ലാൽ, ദാസൻ, സാഗർ വിൻസന്റ്, ഡോ ഹൈദരലി, ശരത് ബാബു, ജിൻസൻ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നാണ് ക്രൈംബ്രാഞ്ച് അപ്പീലിൽ പറയുന്നത്.
ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തെന്ന ആരോപണങ്ങൾക്കപ്പുറം ക്യത്യമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണാ കോടതി ഹരജി തള്ളിയത്. സാക്ഷികളെ സ്വാധീനിച്ചതായുള്ള ചില ശബ്ദസന്ദേശങ്ങൾ ഇതിന് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരിക്കിയെങ്കിലും അതിൻറെ ആധികാരികത ഉറപ്പാക്കിയിട്ടില്ലെന്ന് വിചാരണാ കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്റെ കണ്ടെത്തൽ വസ്തുതാപരമായി അല്ലെന്നും വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നുമാണ് ക്രൈബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും
ഇതിനിടെ നടിയെ അക്രമിച്ച കേസിന്റെ വിചാരണ സിബിഐ പ്രത്യേക കോടതിയിൽ നിന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റും, എന്നാൽ കേസ് പരിഗണിക്കുന്ന ജഡ്ജിയിൽ മാറ്റമില്ല. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തെ സിബിഐ സ്പെഷ്യൽ ജഡ്ജിയായി മാറ്റിയതിനെ തുടർന്നാണ് കോടതി മാറ്റം.
Content Highlights: Actress assault case Crime Branch moves to HC against Dileep