വിധിയെ കുറിച്ചുള്ള ഊമക്കത്തില്‍ അന്വേഷണം വേണം, ഡിജിപിക്ക് കത്ത് നല്കി ഡിവൈഎസ്പി ബൈജു പൗലോസ്
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്നേ ചോര്‍ന്നെന്ന ആരോപണത്തില്‍ പരാതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. വിധിയിലെ ഭാഗങ്ങള്‍ ഊമക്കത്തായി പ്രചരിച്ച സംഭവം അന്വേഷിക്കണം എന്നാണ് കത്തിലെ ആവശ്യം.
ഇന്നലെയാണ് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് ബൈജു പൗലോസ് കത്ത് നല്‍കിയത്. വിധിയിലെ വിവരങ്ങള്‍ പുറത്തുവന്നത് എങ്ങനെ എന്ന് കണ്ടെത്തണം എന്നാണ് കത്തിലെ ആവശ്യം. വിധി വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റിന് ഉള്‍പ്പെടെ ലഭിച്ചത്. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രം ശിക്ഷിക്കപ്പെടുമെന്നും, എട്ട് മുതല്‍ പത്ത് വരെയുള്ള ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിടും എന്നുള്‍പ്പെടുള്ള പരാമര്‍ശങ്ങളോയുള്ളതായിരുന്നു കത്ത്. വിധി ന്യായം എട്ടാം പ്രതിയായിരുന്ന ദിലീപുമായി ബന്ധപ്പെട്ടവരെ കാണിച്ച് ഉറപ്പ് വരുത്തിയെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും കത്തില്‍ ഉണ്ടായിരുന്നു.













