ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിന് അശ്ലീല കമന്റ്; ഭീഷണിപ്പെടുത്തി പണം തട്ടി, യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍.
ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്ബൂര്‍ സ്വദേശി സല്മാന് എന്നിവരാണ് അറസ്റ്റിലായത്.
അശ്ലീല സന്ദേശമയച്ചതിന് പൊലീസില്‍ പരാതി നല്കിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ തട്ടി.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സ്വദേശിയായ യുവതി ഒരു സിനിമയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ റീല്‍സ് കണ്ട മുവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടികാട്ടി യുവതി ഏലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ സ്വമേധയാല്‍ കേസെടുക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഇതിനായി പൊലീസ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുകയും ചെയ്തു.