‘ബാലചന്ദ്രമേനോൻ ഹോട്ടല് മുറിയില് വെച്ച് കടന്ന് പിടിച്ചു, ഇതുവരെ പറയാതിരുന്നത് ഭയം കൊണ്ട്’; പരാതി നല്കി നടി
സംവിധായകൻ ബാലചന്ദ്രമേനോനെതിരെ ഡിജിപിക്ക് പരാതി നല്കി നടി. ലൈംഗിക പീഡനം ആരോപിച്ചാണ് പരാതി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നും ഭയം കൊണ്ടാണ് ഇത്രയും നാള് പുറത്തുപറയാതിരുന്നതെന്നുമാണ് പരാതിയില് പറയുന്നത്.
നേരത്തേ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെ പരാതി നല്കിയ ആലുവ സ്വദേശിയായ നടി തന്നെയാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവർ യുട്യൂബ് ചാനലുകള്ക്ക് നല്കിയ അഭിമുഖത്തില് ബാലചന്ദ്രമേനോനെതിരെ ആരോപണം ഉയർത്തിയിരുന്നു. സോഷ്യല് മീഡിയയിലും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ‘ദേ ഇങ്ങോട്ട് നോക്ക്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2006 ലാണ് പരാതിക്ക് അടിസ്ഥാനമായ അതിക്രമം നടന്നതെന്നാണ് നടി പറയുന്നത്.
ആ സമയത്ത് താൻ ദുബായില് ജോലി ചെയ്യുകയായിരുന്നുവെന്നും സിനിമയില് ചീഫ് സെക്രട്ടറിയുടെ വേഷം നല്കാമെന്ന് പറഞ്ഞ് തന്നെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും നടി പരാതിയില് പറയുന്നു.. ‘തിരുവനന്തപുരത്തായിരുന്നു സിനിമ ചിത്രീകരിച്ചത്. അമ്മയ്ക്കൊപ്പമാണ് താൻ ലൊക്കേഷനിലെത്തിയത്. അന്ന് അവിടെ ബാലചന്ദ്രമേനോന്റെ പിറന്നാള് ആഘോഷങ്ങള് കഴിഞ്ഞ് നില്ക്കുകയായിരുന്നു. അതിന് ശേഷമാണ് തന്നെ മുറിയിലേക്ക് വിളിപ്പിച്ചത്. ആ സമയം മുറിയില് ഒരു പെണ്കുട്ടിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ദേഷ്യപ്പെട്ട് താൻ ആ മുറിയില് നിന്നും ഇറങ്ങിപ്പോയി.
അടുത്ത ദിവസവും തന്നെ മുറിയിലേക്ക് വിളിപ്പിച്ചു. ഈ സമയത്ത് മറ്റ് മൂന്ന് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉണ്ടായിരുന്നു. തന്നെ അപ്പോള് കടന്ന് പിടിച്ചു. അടുത്ത ദിവസവും ബാലചന്ദ്രമേനോൻ മുറിയിലേക്ക് വിളിപ്പിച്ച് ലൈംഗികാതിക്രമം നടത്തി. താൻ സിനിമയില് അഭിനയിച്ചില്ലെങ്കില് വലിയ നഷ്ടങ്ങള് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഭയത്തോടെയാണ് ആ സിനിമ അഭിനയിച്ച് തീർത്തത്’, എന്നാണ് പരാതിക്കാരി പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പരാതിക്കാരിക്കെതിരേയും അഭിഭാഷകനെതിരേയും ബാലചന്ദ്രമേനോൻ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയിരുന്നു. തന്നെ വിളിച്ച് നടി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി നല്കിയത്. താങ്കള്ക്കെതിരെ മൂന്ന് ലൈംഗികാരോപണം ഉടൻ വരുമെന്ന് പറഞ്ഞുകൊണ്ട് ഒരു അഭിഭാഷകൻ തന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിക്കുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില് പറഞ്ഞു. എന്നാല് താൻ ആ കോളിനോട് പ്രതികരിച്ചില്ല. തുടർന്നാണ് പരാതി നല്കും എന്ന ഭീഷണി ഉയർത്തിയത്. പണം തട്ടാൻ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് സംശയിക്കുന്നു. ഇക്കാര്യത്തില് ശക്തമായ നടപടിയുണ്ടാവണം എന്നാണ് പരാതിയില് ചൂണ്ടിക്കാട്ടിയത്.