യു.പിയില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു
ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്.
വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാള്‍ക്കു നേരെ തുടരെ വെടിയുതിര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് പറഞ്ഞു.
34 കാരനായ അനുജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകവേ ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റുവീണ ഇദ്ദേഹത്തെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് വൈകീട്ട് പൊലീസ് സ്ഥലത്തെത്തി. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമിത് ചൗധരി, അനികേത് എന്നിവര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മുറാദാബാദ് എസ്.എസ്.പി ഹേംരാജ് മീണ പറഞ്ഞു. സജീവ ബി.ജെ.പി നേതാവായ അനൂജ് ചൗധരി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഭാലിയിലെ അസ്മോലി ബ്ലോക്കില്‍നിന്ന് മത്സരിച്ചിരുന്നു.