കള്ളപ്പണം വെളുപ്പിച്ച കേസ് : ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി ഇ.ഡി
			    	    മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടി.
സിനിമയുടെ ടിക്കറ്റ് കലക്ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇ ഡി നടപടിക്കൊരുങ്ങുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയില്‍ കേരളത്തില്‍ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്ബത്തിക വിവരങ്ങള്‍ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം.
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്.
കേരളത്തിലെ തിയറ്റർ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു സിനിമാ നിർമാതാക്കള്‍ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
			    					        
								    
								    










