ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ കുറ്റപത്രം
ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അടക്കമുള്ളവര്‍ക്കെതിരേ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി)യുടെ കുറ്റപത്രം. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണിത്. സുശാന്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രബര്‍ത്തി അടക്കം 35 പേര്‍ക്കെതിരേയാണ് കേസില്‍ എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കഞ്ചാവ് വാങ്ങിയതും കൈവശംവെച്ചതും ലഹരിമരുന്ന് വാങ്ങാന്‍ സാമ്പത്തിക സഹായം നല്കിയതും എന്നിവയൊക്കെയാണ് റിയ ചക്രബര്‍ത്തിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. റിയ ചക്രബര്‍ത്തി നടന് സുശാന്ത് സിങ് രാജ്പുത്തിനെ അമിതമായ ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
റിയ ചക്രബര്‍ത്തി ഈ കേസിലെ പത്താംപ്രതിയാണെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ സഹോദരനായ ഷോവിക്ക് ചക്രബര്‍ത്തിയും കേസിലെ പ്രതിയാണ്. റിയ ചക്രബര്‍ത്തി കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയാല്‍ പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. റിയ ചക്രബർത്തി 2020 സെപ്റ്റംബറില്‍ അറസ്റ്റിലായെങ്കിലും ബോംബെ ഹൈക്കോടതി ഒരുമാസത്തിന് ശേഷം ജാമ്യം അനുവദിച്ചിരുന്നു.
Content Highlights – Rhea Chakraborty, Sushant Singh Rajput, Narcotics