പൂർണ ഗർഭിണിയായ പശുവിനെ കൊന്ന് തലയും അകിടും ഭ്രൂണവും മുറിച്ചുമാറ്റിയതായി പരാതി
കർണാടകയിൽ പൂർണ ഗർഭിണിയായ പശുവിനെ ക്രൂരമായി കൊലപ്പെടുത്തിയാതായി പരാതി. പശുവിനെ അറുത്ത ശേഷം മാംസം മുറിച്ചുകൊണ്ടു പോയെന്നാണ് പരാതി. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലാണ് ഈ നിഷ്ടൂര സംഭവം.മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ തലയും കൈകാലുകളും കാട്ടിൽ നിന്ന് കണ്ടെത്തിയത്. തലയും അകിടും ഭ്രൂണവും വേവ്വേറെ മുറിച്ചിരുന്നു. പൂർണ വളർച്ചയെത്തിയ ഭ്രൂണം ശരീരത്തിൽ നിന്നും വേർപ്പെടുത്തിയ നിലയിലായിരുന്നു. പശുവിന്റെ ഉടമ കൃഷ്ണ ആചാരിയുടെ പരാതിയിൽ ഹൊന്നാവർ പൊലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം ശിവമോഗ ജില്ലയിലെ ഭദ്രാവതി നദിക്കരയിൽ നിന്ന് വൻ തോതിൽ പശുവിന്റെ മാംസാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്തു ഗോവധം നടക്കുന്നതായി ബിജെപി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ആഴ്ചയായിരുന്നു ബെംഗളൂരുവിലെ ചാമ്രാജ്പേട്ടിൽ മൂന്നു പശുക്കളുടെ അകിട് അറുത്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്