സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്ത സംഭവം; സിപിഎം നേതാവും ജില്ലാപഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റില്‍
ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിന് സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റില്‍.
സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ആര്യനാട് പൊലീസ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. വെള്ളനാട് ശശിക്കെതിരെ ആര്യനാട് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരനായ നെടുമാനൂർ അയണിത്തലക്കല്‍ സ്വദേശി അരുണ്‍ ജി. റോജ്, ഭാര്യ സുകന്യ, എട്ടുവയസുകാരനായ മകൻ, ഭാര്യാമാതാവ് ഗീത എന്നിവരെ ആക്രമിച്ചെന്നാണ് പരാതി.
വെള്ളനാട് കുളക്കോട് വില്ലേജ് ഓഫീസിന് മുന്നിലെ ഹോട്ടലില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. ഗതാഗത തടസമുണ്ടാക്കും വിധം ഹോട്ടലിന് മുന്നില്‍ സ്ഥാപിച്ച ബോർഡ് മാറ്റണമെന്ന് മൂന്നുദിവസം മുമ്ബ് വെള്ളനാട് ശശി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് ഇന്നലെയും ശശി കടയിലെത്തി. തുടർന്നുണ്ടായ തർക്കം അരുണിന്റെ മകൻ മൊബൈലില്‍ പകർത്തി. ഇതില്‍ പ്രകോപിതനായ ശശി കുട്ടിയെ അക്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഗീതയുടെ നെഞ്ചില്‍ അടിയേറ്റെന്നും പരാതിയുണ്ട്. വെള്ളനാട് ആശുപത്രിയില്‍ ചികിത്സ തേടിയ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തെന്ന് ആര്യനാട് സി.ഐ അജീഷ് അറിയിച്ചു. ചൈല്‍ഡ് ലൈനിലും പരാതി നല്‍കുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.