എല്ലാം അറിഞ്ഞാണോ ദിലീപ് കോടതിയിൽ എത്തിയത്?? വിധിക്ക് ശേഷം ദിലീപ് പറഞ്ഞത് മുൻകൂട്ടി തയ്യാറാക്കിയ വരികൾ
ഏറെ വർഷങ്ങൾ നീണ്ട വിചാരണക്ക് ശേഷം, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതിയുടെ വിധി വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ദിലീപ് പറഞ്ഞത് തനിക്കെതിരെയാണ് സത്യത്തിൽ ഗൂഢാലോചന നടന്നതെന്നാണ്.
മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന പറഞ്ഞപ്പോളാണ് തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചതെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും കുറച്ച് ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്ന് തനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കി എന്നുമാണ് ദിലീപിന്റെ പ്രതികരണം.
എന്നാല്‍ ദിലീപ് ഈ പ്രതികരണം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമാണെന്ന് പറയുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍. ഈ കേസില്‍ നിന്ന് താൻ രക്ഷപ്പെടുമെന്ന് ദിലീപിന് നേരത്തെ അറിയാമായിരുന്നു എന്ന് വ്യക്തമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിനും അതിജീവിതയ്ക്കും നേരത്തെയും വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ലെന്നും നികേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
‘വളരെ ശ്രദ്ധാപൂര്‍വ്വം നേരത്തെ തന്നെ തയ്യാറാക്കിയ പ്രതികരണമാണ് ദിലീപ് വിധിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കാരണം ഈ കേസില്‍ നിന്ന് മോചിതനാകുമെന്ന് ദിലീപിന് വ്യക്തത ഉണ്ടായിരുന്നു. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ അതിജീവിത ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ പെട്ടെന്നൊരു പ്രതികരണത്തിലേക്ക് പോകാത്തത് എന്ന് വേണം കരുതാന്‍.
ഇവിടെ അതിജീവിതയ്ക്ക് മാത്രമല്ല സ്റ്റേറ്റിനും നീതി കിട്ടിയിട്ടില്ല. ഈ കേസില്‍ ആദ്യമായിട്ടില്ല ഇങ്ങനെ സംഭവിക്കുന്നത്. നേരത്തെ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസില്‍ നിന്നും രാജിവെച്ച് പോയത് നമ്മള് ഓര്‍മിക്കണം. കോടതി മാറ്റണമെന്ന് രണ്ട് തവണ അതിജീവിത മേല്‍ക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അംഗീകരിക്കപ്പെട്ടില്ല.
ഈ കേസിന്റെ വിചാരണ ഘട്ടത്തില്‍ സംഭവിച്ച ഏറ്റവും വലിയ അനീതിയുണ്ട്. മൂന്ന് കോടതികളില്‍ വെച്ച് മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ആ മൂന്ന് തവണ ദുരുപയോഗിക്കപ്പെട്ടത് എങ്ങനെയാണ് വിചാരണയെ ബാധിച്ചത് എന്ന് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. വിചാരണ കോടതിയില്‍ നിന്നും ഇക്കാര്യത്തില്‍ നീതി ലഭിച്ചില്ല.
നീതിന്യായ വ്യവസ്ഥ ഇവിടെ അവസാനിക്കുന്നില്ല, ജൂഡീഷ്യറിയുടെ അവസാന വാക്കല്ല വിചാരണകോടതി. ഇനിയും കോടതികളുണ്ട്. വിചാരണകോടതി എന്ന തടസം മാറിക്കിട്ടി എന്നേയുള്ളു എന്നും എം വി നികേഷ് കുമാര്‍ പറഞ്ഞു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്.
സമാനമായ പ്രതികരണമാണ് സിനിമ പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയും പറയുന്നത്. വിധി എട്ടാം തീയതി എന്ന് പറഞ്ഞ നിമിഷം മുതൽ അതിജീവിതക്ക് അടക്കം വരുന്നത് നെഗറ്റീവായ മെസേജ് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
‘നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല. എവിടെയാണ്,ഏത് കോടതിയിലാണ് നീതി പ്രതീക്ഷിക്കേണ്ടത്. ദൈവത്തിന്റെ കോടതിയുണ്ട്.
കർമ്മ ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിക്കും. ഓരോ കോടതിയെയും അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്.
പ്രോസിക്യൂട്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. അദ്ദേഹത്തെ ബഹുമാനിക്കുന്നു. തെരുവിൽ അനുഭവിച്ചതിനേക്കാൾ അവൾ കോടതി മുറിയിൽ അനുഭവിച്ചു.ഒമ്പത് ദിവസം അവളെ മാനസികമായി പീഡിപ്പിച്ചു, തളർത്തി. ഒരു അതിജീവിതയോട് കാണിക്കേണ്ട സഹതാപം ആരും അവളോട് കാണിച്ചില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, ഇത് അന്തിമ വിധിയല്ലെന്ന് ബി.സന്ധ്യ ഐപിഎസ് പ്രതികരിച്ചു. ആദ്യത്തെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർയ്ക്കെതിരെയുള്ള കുറ്റം തെളിഞ്ഞു. ഗൂഢാലോചന കുറ്റം തെളിയിക്കൽ എപ്പോഴും ഒരു വെല്ലുവിളിയാണ്. ഇനി മേൽക്കോടതിയിൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.അന്തിമ വിധി ആയിട്ടില്ല.. കാത്തിരിക്കാം..’എന്നാണ് സന്ധ്യ പറഞ്ഞത്.
കേരളം സർക്കാർ ഈ കേസിൽ അപ്പീൽ പോകാൻ തീരുമാനിച്ച് കഴിഞ്ഞു. അതിജീവിതക്ക് ഒപ്പം തന്നെയാണെന്ന് വീണ്ടും അടിവരയിട്ട് പറയുകയാണ് കേരളാ സർക്കാർ.
വിചാരണ കോടതി ഏകപക്ഷീയമായി പെരുമാറുന്നു എന്ന് ആരോപിച്ച് സുപ്രീംകോടതിയിലും രാഷ്ട്രപതിക്കും പരാതി നൽകിയതാണ് അതിജീവിത. ഈ വിചാരണ കോടതി വിധിയിൽ നീതി കിട്ടില്ലെന്ന് അവർ മുൻപേ മനസ്സിലാക്കിയതാണ്. അതുകൊണ്ട് ഈ കേസിന്റെ അന്തിമവിധി സുപ്രീംകോടതിയിൽ നിന്ന് തന്നെയായിരിക്കും.
അതേസമയം മഞ്ജു വാര്യർക്കെതിരെ ദിലീപിന്റെ പ്രതികരണം ഉണ്ടായതോടെ മഞ്ജുവിനെതിരെ സൈബര്‍ ആക്രമണവും ശക്തമാണ്. ഒരു സിനിമയുടെ പോസ്റ്റര്‍ പങ്ക് വെച്ചുള്ള മഞ്ജുവിന്റെ പോസ്റ്റിന് താഴെയാണ് വിദ്വേഷ പരാമര്‍ശങ്ങളും തെറിപ്രയോഗങ്ങളുമായി ദിലീപ് അനുകൂലികള്‍ അഴിഞ്ഞാടുന്നത്.
ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള പോസ്റ്റര്‍ പങ്ക് വെച്ചാണ് ചിലരുടെ പ്രതികരണം. ‘ദിലീപ് കേസ് നിന്റെ കളിയാണല്ലേ’, എന്തിനാണ് ഒരു നിരപരാധിയെ കുടുക്കിയത്’, എന്നിങ്ങനെയാണ് ചിലര്‍ പോസ്റ്റിന് താഴെ കമന്റിടുന്നത്. കൂടാതെ ദിലീപും കാവ്യ മാധവനും ഒന്നിച്ചുള്ള ചിത്രങ്ങളും ദിലീപിനെ കുറ്റവിമുക്തനാക്കി എന്നുള്ള ടിവി ചാനല്‍ സ്ക്രീന്‍ഷോട്ടുകളും പങ്ക് വെക്കുന്നുണ്ട്.











