കീബോർഡിലൂടെ ഭീഷണിപ്പെടുത്തുന്ന വെട്ടുക്കിളി ഫാൻസിന് അറിയാമോ അവർ ആരാണെന്ന്? കുന്നിക്കൽ നാരായണൻറെയും മന്ദാകിനിയുടെയും മകൾ കെ അജിതക്ക് ഒരു ഭൂതകാലമുണ്ട്
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് മന്ദാകിനി നാരായണന്റെ 19 -ാം ചരമവാർഷിക ദിനമാണിന്ന്. കേരളത്തെ പ്രകമ്പനം കൊള്ളിച്ച കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നക്സലൈറ്റ് നേതാവ് കുന്നിക്കല്‍ നാരായണന്റെ ഭാര്യയുമാണ് മന്ദാകിനി നാരായണന്. മുന്‍ നക്സലൈറ്റ് നേതാവും അന്വേഷി പ്രസിഡന്റുമായ കെ.അജിതയുടെ അമ്മയാണ് മന്ദാകിനി.
1968-ൽ നടന്ന കേരളത്തിലെ നക്സലൈറ്റ് ആക്ഷനുകളിലൊന്നായ തലശ്ശേരി – പുൽപ്പള്ളി സംഭവങ്ങളിൽ പങ്കെടുത്ത ഒരു വനിതയുമാണ് അവർ. 1925 ഒക്ടോബർ 25-ന് ഗുജറാത്തിലെ ഭാവനഗറിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ആണ് മന്ദാകിനി ജനിച്ചത്.
പിന്നീട് ആ കുടുംബം മുംബൈയിലേക്ക് കുടിയേറി. 1942ൽ വിദ്യാർഥിയായിരിക്കെ അവർ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. കോളേജിൽ സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകയായിരുന്നു. കമ്യൂണിസ്റ്റുകാരിയായതുകൊണ്ട് അച്ഛന്റെ മരണത്തെ തുടർന്ന് റവന്യൂ വകുപ്പിൽ കിട്ടിയ ജോലിയിൽനിന്നും അവരെ പിരിച്ച് വിട്ടിരുന്നു. മലയാളിയായ കുന്നിക്കൽ നാരായണനെ പരിചയപ്പെടുകയും പിൽക്കാലത്ത് വിവാഹിതരാകുകയും ചെയ്തു.
പിന്നെ കോഴിക്കോട് ആയിരുന്നു താമസിച്ചിരുന്നത്. കോഴിക്കോട്ടെ ഒരു ഗുജറാത്തി സ്കൂളിൽ അദ്ധ്യാപികയായും പ്രധാന അദ്ധ്യാപികയായും ജോലി നോക്കിയിരുന്നു. പുൽപ്പള്ളി പോലീസ് സ്റ്റേഷനാക്രമിച്ച കേസിൽ 1968-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് അടിയന്തരാവസ്ഥ കാലത്ത് വീണ്ടും അറസ്റ്റ് ചെയ്യുകയുണ്ടായി. 2006 ഡിസംബർ 16ന് ആയിരുന്നു അവരുടെ മരണം.
മന്ദാകിനിയെ കുറിച്ച് ഓർക്കാൻ മറ്റൊരു കാരണം കൂടെ ഇപ്പോൾ ഉണ്ടായിരുന്നു. ഇവരുടെ മകളായ അജിതയുടെ ഒരു പ്രസ്താവനയാണ് ഇവരുടെ പഴയ കാലത്തേ കുറിച്ച് ഓർമ്മിപ്പിച്ചത്.
നദി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായി പുറത്ത് വന്ന നടൻ ദിലീപ് ആദ്യം വിരൽ ചൂണ്ടിയത് മഞ്ജു വാര്യർക്ക് എതിരെ ആയിരുന്നു. പിന്നീട് ദിലീപിന്റെ കൂലിപ്പട്ടാളം സൈബർ ആക്രമണം ഏറ്റെടുത്തു. മഞ്ജുവിന് നേരെ ഒരുപാട് ഭീഷണികൾ ഉണ്ടായി.
അപ്പോളാണ് കെ അജിത രംഗത്ത് വന്നത്. മഞ്ജുവാര്യർക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ വെറുതെ ഇരിക്കില്ലെന്ന് കെ. അജിത ഉറപ്പിച്ച് പറഞ്ഞു. ഈ വിധി, നീതി നിഷേധമാണെന്നും അജിത പറഞ്ഞിരുന്നു. പ്രകോപനം ഉണ്ടാക്കുന്ന വിധിയാണിത്. ഇനിയും മേൽകോടതികൾ ഉണ്ട്. പണംകൊടുത്ത് ഉണ്ടാക്കിയ ഫാൻസിനെ പേടിക്കില്ല. മഞ്ജുവാര്യർക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ മറുപടി തന്നിരിക്കും.
ഇത്തരം കാര്യങ്ങളിൽ കറുപ്പ് വെളുപ്പാക്കാൻ എളുപ്പമാണ്. ചെറിയ മീനുകളെ ശിക്ഷിക്കുകയും വലിയ മീനുകളെ വിട്ടയക്കുകയും ചെയ്ത കേസാണിത്. അതിജീവിത എന്നേ വിജയിച്ചു കഴിഞ്ഞു. സാങ്കേതികമായ പരാജയം നമ്മെ ബാധിക്കരുത്. വലിയ സ്വാധീനങ്ങൾ ഉപയോഗിച്ച കേസാണിതെന്നും അജിത പറഞ്ഞു.
അതോടെ ദിലീപേട്ടൻ ഫാൻസ് അജിതക്ക് നേരെ തിരിഞ്ഞു. അജിതയെ വെല്ലുവിളിക്കുന്ന കമന്റുകൾ ഒക്കെ വന്നു തുടങ്ങി. എന്നാൽ കെ അജിത ആരാണ്, അല്ലെങ്കിൽ ആരായിരുന്നു എന്ന് അറിയുന്നവർക്ക് ആ ഭീഷണിയൊക്കെ കണ്ടപ്പോൾ ചിരിയാണ് വന്നത്.
1964 -ൽ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെത്തന്നെ സഹപാഠികളെ ഒരുമിപ്പിച്ച് കേന്ദ്രസർക്കാർ റേഷൻ വെട്ടിക്കുറച്ചതിനെതിരെ സമരം നടത്തിയ ആളാണ് കെ അജിത. 1960കളുടെ അവസാനത്തിൽ അജിത നക്സൽ പ്രസ്ഥാനത്തിൽ എത്തി. തലശ്ശേരി-പുൽപ്പള്ളി ‘ആക്ഷനുകൾ’ നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നു അജിത.
ഭരണകൂടത്തിന്റെ മർദ്ദനോപകരണമായ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയെന്ന നയമാണ് ഇവർ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുൽപ്പള്ളി സ്റ്റേഷനുകൾക്കെതിരെ ആക്രമണം നടത്തിയത്. പുൽപ്പള്ളി പൊലീസ് സ്റ്റേഷനാക്രമണകേസിൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ, അജിത കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു. ഈ കേസിൽ അജിത ഉൾപ്പെടെ 13 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 1968 മുതൽ 72 വരെ ജയിൽവാസമനുഭവിച്ചു.
അജിതയുടെ അറസ്റ്റ് കേരളത്തെ കോളിളക്കം കൊള്ളിച്ച ഒരു സംഭവമായിരുന്നു.പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ അഴികളിൽ പിടിച്ചുനിൽക്കുന്ന അജിതയുടെ photo കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ഐതിഹാസിക ചിത്രമാണ്. മനോരമയിലെ ഫോട്ടോഗ്രാഫർ പോലീസുകാരെ കബളിപ്പിച്ച് അജിതയുടെ ലോക്കപ്പിലെ ചിത്രം എടുത്ത് പത്രത്തിൽ കൊടുത്തതു കൊണ്ടാണ് അജിതയെ അറസ്റ്റ് ചെയ്ത വിവരം പോലീസിന് സമ്മതിക്കേണ്ടിവന്നതെന്നും അല്ലെങ്കിൽ അജിത ആരോരുമറിയാതെ കൊല്ലപ്പെടുമായിരുന്നു എന്നും ആ മനോരമ ഫോട്ടോഗ്രാഫർ തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നു.
അജിതയെ കസ്റ്റഡിയിലെടുത്തുവെന്നറിഞ്ഞ് സ്റ്റേഷനിലെത്തിയ മലയാള മനോരമ ഫൊട്ടോഗ്രഫർ ടി. നാരായണനെ ഫോട്ടോ എടുക്കില്ലെന്ന ഉറപ്പിലാണ് പൊലീസുകാർ അജിതയെ കാണിക്കാൻ തയാറായത്. എന്നാൽ തന്ത്രപരമായി നാരായണൻ അജിതയുടെ ചിത്രം ക്യാമറയിൽ പകർത്തുകയായിരുന്നു.
പിന്നീട് ഒരു കാഴ്ചവസ്തുവിനെ പോലെ അജിതയെ പൊതുജനങ്ങൾക്ക് മുന്നിൽ പോലീസ് നിർത്തിയിരുന്നു. എല്ലാവര്ക്കും കാണാൻ ഒരു ഡെസ്കിൽ കയറ്റിയാണ് നിർത്തിയത്. പോലീസുകാർ അടക്കമുള്ളവർ കൊതി വലിക്കുന്ന കണ്ണുകളോടെ അവരെ നോക്കുന്നതും, പരിഹാസത്തോടെ ചിരിക്കുന്നതും ആ ഫോട്ടോയിൽ കാണാം.
എന്നാൽ അത്ര തലയെടുപ്പോടെ പൊലീസ് സ്റ്റേഷനില്‍ നില്ക്കുന്ന പ്രതികളെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ പിന്നീടു കണ്ടിട്ടില്ലെന്നാണ് അവരെ അറസ്റ്റ് ചെയ്ത അന്നത്തെ സബ് ഇൻസ്പെക്ടർ ശ്രീനിവാസൻ പിന്നീട് പറഞ്ഞത്. ചോദിച്ച എല്ലാ ചോദ്യത്തിനും ഉറച്ച ശബ്ദത്തിൽ മറുപടി പറഞ്ഞ ഒരേയൊരു സ്ത്രീയായിരുന്നു അജിത. 1997 ല്‍ ഐ.പി.എസ് നേടി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി സര്‍വീസിൽനിന്നു പിരിഞ്ഞ അദ്ദേഹം, അജിതയെ പോലെ ധീരയായ ഒരു പ്രതിയെയും സ്റ്റേഷനിൽ കണ്ടിട്ടില്ല എന്നാണ് പറഞ്ഞത്.
സഹായത്തിന് ആരും എത്തില്ലെന്ന് അറിഞ്ഞിട്ടും, വേറെ ഒരു പ്രസ്ഥാനവും തിരിഞ്ഞ് നോക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടും തലയുയർത്തി നിന്ന സ്ത്രീയാണ് അവർ. ആ അജിതയെ ആണ്, ചില്ലിക്കാശ് മേടിച്ച ഫാൻസ് ഇപ്പോൾ ഭീഷണിപ്പെടുത്തുന്നത്. അജിത ഇപ്പോൾ പഴയ ആളല്ല. നിയമത്തിനെതിരെ നീങ്ങുന്ന ആളുമല്ല. അവർ സർക്കാർ സംവിധാനങ്ങളുമായി പൊരുത്തപ്പെട്ട് തന്നെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷെ കീബോർഡിലൂടെ അജിതയെ പേടിപ്പിക്കുന്ന കീടങ്ങൾ അറിയണം അവരുടെ ഭൂതകാലം.













