മദ്യപിച്ചെത്തിയ സൈനികൻ ട്രെയിൻ ബെര്‍ത്തില്‍ മൂത്രമൊഴിച്ചു; പ്രധാനമന്ത്രിക്ക് പരാതി നല്കി യുവതി
ഛത്തീസ്ഗഢില്‍ ട്രെയിൻ യാത്രക്കിടെ ബെർത്തിലിരുന്ന് സൈനികൻ മൂത്രമൊഴിച്ചതായി പരാതി. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ദുർഗിലേക്കുള്ള ഗോണ്ട്വാന എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.
താഴെ ബെർത്തില്‍ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെർത്തിലിരുന്ന സൈനികൻ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നടപടിയെടുക്കാത്തതിനെ തുടർന്ന് യാത്രക്കാരി പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രറെയില്‍വെ മന്ത്രിക്കും പരാതി നല്കി.താനും കുഞ്ഞും ഉറങ്ങുമ്ബോഴാണ് ദേഹത്തേക്ക് മൂത്രമൊഴിച്ചതെന്ന് ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതി പറയുന്നു.
റെയില്‍വേ ഹെല്‍പ്പ് ലൈൻ നമ്ബരായ 139-ല്‍ പരാതി നല്കിയ യുവതി ഭർത്താവിനെ വിവരം അറിയിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.മദ്യപിച്ച് വസ്ത്രത്തില്‍ മൂത്രമൊഴിച്ചിരുന്ന സൈനികനെ കണ്ടിട്ടും ഉദ്യോഗസ്ഥർ നടപടിയൊന്നും എടുത്തില്ലെന്നും യുവതി പറഞ്ഞു. നടപടിയെടുക്കാത്തതിനെതുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കുകയായിരുന്നു.എന്നാല്‍ യുവതിയുടെ ആരോപണം ആർ.പി.എഫ് നിഷേധിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ കോച്ചിലെത്തിയപ്പോള്‍ യുവതിയെ സീറ്റില്‍ കാണാൻ സാധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.