ബൈക്ക് ഇടിച്ച് ചാവാതിരിക്കാൻ സ്വന്തം കൈ കളഞ്ഞ ഗോവിന്ദച്ചാമി ഇനിയും രക്ഷപെടാൻ ശ്രമിക്കും; മുടിയും താടിയും വെട്ടി, ചപ്പാത്തി തീറ്റ നിർത്തി, വിയ്യൂരിൽ കർശന നിരീക്ഷണം

കണ്ണൂർ ജയിലിൽ നിന്നും ചാടിയതിനെ തുടർന്ന്, പിടിക്കപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് ആണ് മാറ്റിയത്. ഗോവിന്ദച്ചാമി ഇപ്പോൾ വിയ്യൂർ ജയിലിൽ ചട്ടം പഠിച്ച് കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ചട്ടം പഠിപ്പിക്കുകയാണ് ജയിൽ അധികൃതർ.
ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടി. മീശയും താടിയും വടിച്ചു. നേരത്തെ തനിക്ക് ഷേവിങ് അലർജിയായതിനാലാണ് താടി വടിക്കാത്തതെന്ന് ഗോവിന്ദച്ചാമി മൊഴി നൽകിയതായി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അലർജി ഉണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, കണ്ണൂർ ജയിലിലെ അധികൃതർ തന്നോട് ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോൾ പറയുന്നത്.
അതിസുരക്ഷാ ജയിലിലേക്ക് പ്രവേശിക്കുമ്പോൾ, തുടക്കത്തിൽ തന്നെയുള്ള ഇടത് വശത്തെ ഒന്നാമത്തെ സെല്ലിൽ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമിയെ ഇട്ടിരിക്കുന്നത്. ഈ സെല്ലിന് നേരേ എതിർവശത്തുള്ള ഔട്ട് പോസ്റ്റിൽ 24 മണിക്കൂറും രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. ഇതിനു പുറമേ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജയിൽ ഡിജിപി ഗോവിന്ദച്ചാമിയുടെ സെൽ സന്ദർശിച്ച് അവിടുത്തെ സുരക്ഷ ഉറപ്പാക്കിയിട്ടുമുണ്ട്.
ഗോവിന്ദച്ചാമിക്ക് ഒറ്റയ്ക്കു ജയില്‍ ചാടാന്‍ സാധിക്കില്ലെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നും ഇയാള്‍ ജയില്‍ ചാടിയതുമുതല് സംശയമുണ്ടായിരുന്നു. ഗോവിന്ദച്ചാമിയെ ജയിലില്‍ ആരൊക്കെയോ സഹായിക്കുന്നുണ്ട് എന്നു ഗോവിന്ദച്ചാമി പ്രതിയായ കൊലക്കസിലെ ഇരയുടെ അമ്മയും ആരോപിച്ചിരുന്നു.
സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമിയുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി ചപ്പാത്തി നല്കാന് ആരാണ് നിര്‍ദേശിച്ചതെന്ന ചോദ്യത്തിന് ജയില്‍ ഡിഐജി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉത്തരമില്ല. ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കിലേ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുള്ളൂ. എന്നാല്‍ ഡോക്ടര്‍ അത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്. ശരീരം മെലിയാന്‍ മാസങ്ങളോളം തയ്യാറെടുപ്പ് നടത്തിയത് പോലും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നതും ദുരൂഹമാണ്.
എന്തായാലും ഗോവിന്ദച്ചാമി കടുത്ത നിരീക്ഷണത്തിലാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഒരു കൊടും ക്രിമിനൽ എന്ന് തന്നെ ഇയാളെ പറയാവുന്നതാണ്. ഇയാളുടെ കൈപ്പത്തി നഷ്ടമായതെങ്ങനെ എന്നറിയാൻ 14 വർഷം മുമ്പ് കേരള പൊലീസ് നടത്തിയ അന്വേഷണം അവസാനിച്ചത് ഒരു മോഷണ കേസിലാണ്. തമിഴ്നാട് വിരുദുനഗർ ജില്ലയിലെ ഒരു തിരുട്ടു ഗ്രാമത്തിലെ നാട്ടുകാരാണ് പൊലീസിനോട് ആ കഥ പറഞ്ഞത്.
ഒരിക്കൽ ഒരു സ്ത്രീയുടെ മാല പൊട്ടിച്ച ശേഷം രക്ഷപെടാൻ ബൈക്കിൽ അതിവേഗത്തിൽ പോയതാണ് ഗോവിന്ദച്ചാമിയും കൂട്ടുകാരനും. ഹൈവേയിലൂടെ പാഞ്ഞു വന്നഒരു ലോറിക്ക് അടിയിൽ പോകാതിരിക്കാൻ ബ്രെക്ക് പിടിച്ചിട്ടും വണ്ടി നിന്നില്ല. പെട്ടെന്ന് പിന്നിലിരുന്നിരുന്ന ഗോവിന്ദച്ചാമി സ്വന്തം കൈ, ബാക്ക് വീലിലെ കമ്പികൾക്കിടെ തിരുകി വണ്ടി നിർത്തി എന്നാണ് പറയുന്നത്.
രണ്ടു പേരുടെ ജീവൻ രക്ഷപ്പെട്ടെങ്കിലും ചാമിക്ക് കൈപ്പത്തി നഷ്ടമായി എന്നാണ് നാട്ടുകാർ പറയുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യാനും, രക്ഷപ്പെടാനും ഗോവിന്ദച്ചാമി എന്തു സാഹസവും ചെയ്യുമെന്നാണ് ജയിൽ ചാട്ടവും, ഈ കൈ പോയ സംഭവവും എല്ലാം സാക്ഷ്യപ്പെടുത്തുന്നത്.