അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; ലഖ്നൗവിൽ 24 കാരൻ അറസ്റ്റിൽ
 
			    	    അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ പിടിയിലായി. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. ‘ശരൺജിത്ത്’ ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതി അർഷാദിനെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. അർഷാദിന്റെ കുടുംബം ആഗ്ര സ്വദേശികളാണ്. അർഷാദിന്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മ അസ്മ എന്നിവരാണ് മരിച്ചത്.
കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തി നൽകിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ ലഖ്നൗ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവീണ അറിയിച്ചു. ഡിസംബർ 30നാണ് മരിച്ച അഞ്ച് പേരും ‘ശരൺജിത്ത്’ ഹോട്ടലിൽ എത്തിയത്. അർഷാദിന്റെ അച്ഛനും ഇവർക്കൊപ്പം ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. പിതാവ് ബദറിനും കേസിൽ പങ്കുണ്ടെന്നാണ് പൊലീസിന് സംശയിക്കുന്നത്. പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും പൊലീസ് അറിയിച്ചു.
 
			    					         
								     
								     
								        
								        
								       













