‘രാഹുലേട്ടനെക്കുറിച്ച് മോശമായി പറയേണ്ടി വന്നു, എല്ലാം കളവ്’; പന്തീരാങ്കാവ് കേസില്‍ മലക്കംമറിഞ്ഞ് വധു
പന്തീരാങ്കാവില്‍ ഗാർഹിക പീഡനക്കേസില്‍ നിന്ന് പരാതിക്കാരിയായ നവവധു പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും കേസിലെ പ്രതിയായ രാഹുല്‍ പി ഗോപാലിനെതിരായ ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും യുവതി യുട്യൂബ് വീഡിയോയിലൂടെ പറഞ്ഞു.
പൊലീസിനോടും മാദ്ധ്യമങ്ങളോടും കളവാണ് പറഞ്ഞതെന്ന് വ്യക്തമാക്കി യുവതി ക്ഷമാപണവും നടത്തി. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം അന്വേഷണം ഊർജിതമാക്കിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. നീമ ഹരിദാസ് എന്ന യുട്യൂബ് പ്രൊഫൈലിലൂടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
യുവതി വീഡിയോയില്‍ പറയുന്നത്: പൊലീസിനോടും മാദ്ധ്യമങ്ങളോടും നുണ പറയേണ്ടിവന്നു. എന്നെ അത്രയേറെ സ്നേഹിച്ച രാഹുലേട്ടനെക്കുറിച്ച് മോശമായി പറഞ്ഞത് ചെയ്യാൻ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വച്ചുകൊടുത്തു.
ഇതിനൊന്നും താത്പര്യമില്ലെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അവർ പിന്തുണച്ചില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നതും ബെല്‍റ്റ് കൊണ്ടടക്കം മർദ്ദിച്ചുവെന്നതും ചാർജർ കേബിള്‍ കഴുത്തില്‍ മുറുക്കിയെന്നതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. ആരും എന്നെ സപ്പോർട്ട് ചെയ്തില്ല. ആരുടെ കൂടെ നില്‍ക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. എന്നെ ഒരുപാട് ബ്രെയിൻവാഷ് ചെയ്തു. വീട്ടുകാർ ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴാണ് മാദ്ധ്യമങ്ങള്‍ക്കുമുന്നില്‍ വന്ന് നുണ പറഞ്ഞത്. ഞാനിന്ന് രാഹുലേട്ടനെ മിസ് ചെയ്യുന്നുണ്ട്. കല്യാണത്തിനുമുൻപ് തന്നെ നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്ന കാര്യം രാഹുലേട്ടൻ എന്നോട്ട് പറഞ്ഞിരുന്നു.
അതേസമയം, മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റി പറയിക്കുന്നതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. മകളെ കാണാനില്ല. മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പിതാവ് പറഞ്ഞു.