അനധികൃത സ്വത്തു സമ്പാദനം: എം ആര് അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര് അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തില്ലെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നും എഡിജിപി അജിത് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘം എം ആര് അജിത് കുമാറിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയത്. എന്നാൽ തനിക്കെതിരായ അനധികൃത സ്വത്തു സമ്പാദനമെന്ന ആരോപണം വ്യാജമാണെന്നും, ഒരു വസ്തുതയുമില്ലെന്നും എഡിജിപി അജിത് കുമാര്‍ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ലോണ്‍ വിവരങ്ങള്‍, കവടിയാറിലെ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ഈ ആരോപണത്തിന് പിന്നില്‍ മതമൗലിക വാദികളാണെന്നും, പ്രത്യേക ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അജിത് കുമാര്‍ പറഞ്ഞു.