അതിര് കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ; ക്രൂരമായ ആക്രമണത്തിൽ ഹൈക്കോർട്ട് ജീവനക്കാരൻ കൊല്ലപ്പെട്ടു
ഇതര സംസ്ഥാനക്കാരുടെ മർദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ജീവനക്കാരൻ ഇന്നലെ മരണപ്പെട്ടു. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്ന മുല്ലശേരി കനാൽ റോഡ് സ്വദേശി വിനോദ് ( ആണ് മരിച്ചത്. വിനോദിന്റെ വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് ഇതര സംസ്ഥാനക്കാരായ നാലുപേർ ചേർന്ന് വിനോദിനെ ആക്രമിച്ചത്.
ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സ്വദേശികളാണ് കേസിലെ പ്രതികൾ. വിനോദിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുകയും, അതിനെ തുടർന്ന് അദ്ദേഹം ബോധരഹിതനാവുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.30 ന് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
വിനോദിന്റെ വീട്ടിൽ ഗേറ്റിനകത്ത് ഉള്ള നായ കുരച്ചുവെന്ന പേരില്‍ ആദ്യം ഇവർ നായയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് വിനോദിന് മർദ്ദനമേറ്റത്. മാർച്ച് 25നായിരുന്നു സംഭവം നടന്നത്. പ്രതികള്‍ ഇതുവഴി നടന്നുപോകവേ നായ കുരയ്ക്കുകയായിരുന്നു. എന്നാല്‍ അത് കേട്ട് ക്ഷുഭിതരായ ഇവർ നായയെ ആക്രമിക്കാൻ ശ്രമിച്ചു. ഇവർ കല്ലെടുത്ത് നായയെ എറിയുന്നത് കണ്ട വിനോദ് ചോദിയ്ക്കാൻ എത്തിയതായിരുന്നു. തുടർന്ന് പ്രതികളുമായി വാക്കേറ്റമായി. ഇതിനിടെ ഇവരില്‍ രണ്ട് പേർ വിനോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ വിനോദിനെ ശ്വാസം മുട്ടിക്കുകയും ചെയ്തു. താഴെ വീണിട്ടും വിനോദിനെ ഇവർ വിട്ടിരുന്നില്ല. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വിനോദിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് വിനോദിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ , ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത ,രാജസ്ഥാന് ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് , ഹരിയാന സോനിപത്ത് ഗോഹാന സ്വദേശി ദീപക് എന്നിവരെയാണ് വധശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. വിനോദിന്റെ മരണത്തോടെ ഇവർക്ക് മേല്‍ ചുമത്തിയ വകുപ്പുകള്‍ മാറും.
കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും ഇതര സംസ്ഥാനക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നില്ല എന്നതാണ് സത്യം. ഗ്രാമീണ മേഖലകളിൽ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. വീടുകളും ക്വാർട്ടേഴ്സുകളും വാടകയ്ക്ക് എടുത്താണ് ഇവർ ഒരുമിച്ച് താമസിക്കുന്നത്. എന്നാൽ ഇവരുടെ കൃത്യമായ വിവരങ്ങൾ തൊഴിൽ ഉടമകൾക്ക് പോലും അറിയില്ല. താമസിക്കാൻ എത്തുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങൾ അതത് പൊലീസ് സ്റ്റേഷനുകളിൽ നൽകണമെന്ന് പൊലീസ് ഒട്ടേറെ തവണ വീടിന്റെ ഉടമകളോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ പലരും ഇത് കൃത്യമായി പാലിക്കുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ പെട്ട് ഇവിടെ ഒളിവിൽ താമസിക്കുന്നവരും ഉണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇവരുടെയൊന്നും കൃത്യമായ വിവരം സ്റ്റേഷനുകളിൽ പോലുമില്ല. ഇവരിൽ പലരും മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും അടിമകളാണ്. ഗുരുതരമായ പകർച്ചവ്യാധികൾ പിടിപെട്ടവർ പോലും ഇവർക്കിടയിലുണ്ട്. ചില പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ ഇവരുടെ താമസസ്ഥലങ്ങളിൽ എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല. ഇവരിൽ പലരും ഇടയ്ക്കിടെ താമസസ്ഥലം മാറുന്നതിനാൽ കൃത്യമായി നിരീക്ഷണം നടത്താൻ കഴിയാറുമില്ല.
അന്യസംസ്ഥാന തൊഴിലാളികൾ എല്ലാവരും ക്രിമിനലുകൾ ആണെന്നല്ല. എന്നാൽ ഒട്ടേറെ ക്രമിനൽ സ്വഭാവമുള്ളവർ അവരുടെ കൂട്ടത്തിൽ ഉണ്ട്. ജിഷ വധക്കേസും, ആലുവയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകവും ഒക്കെ അതിന്റെ ബാക്കി പത്രങ്ങളാണ്. ഇവർക്കെതിരെ സർക്കാരും പോലീസും കർശനമായ നടപടികൾ എടുക്കേണ്ടതാണ്. എല്ലാ ജോലിക്കാരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നല്കാൻ ഇവർക്ക് തൊഴിൽ നൽകുന്നവർ തയ്യാറാകണം. അല്ലാത്ത പക്ഷം ഈ തൊഴിൽ ഉടമകൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാവണം.
ഒരു കാര്യം ഓർക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്ന്, ജീവിക്കാനായി തൊഴിൽ തേടി വരുന്നവർ മാത്രമല്ല കേരളത്തിലേക്ക് എത്തുന്നത്. കുറ്റകൃത്യങ്ങൾ നടത്തി വിവിധ സംസ്ഥാനങ്ങളിൽ നിന്നും രക്ഷപ്പെട്ട് വരുന്നവരും ഒക്കെ അതിലുണ്ട്. കൃത്യമായ ഡാറ്റാ ശേഖരണം, നിരീക്ഷണം എന്നെ കാര്യങ്ങൾ ചെയ്ത ഇവരെ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ബംഗാളികൾ എന്ന് പൊതുവെ നമ്മൾ പറയുന്നവരിൽ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നിന്നും വരുന്നവർ മാത്രമല്ല. അതിർത്തി കടന്ന് ബംഗ്ലാദേശിൽ നിന്നും എത്തിയവരും ആ കൂട്ടത്തിൽ ഉണ്ട്. ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ അന്യസംസ്ഥാന, അന്യ രാജ്യ ക്രിമിനലുകളുടെ വിഹാരകേന്ദ്രമായി കേരളം മാറിയേക്കാം.