നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്
 
			    	    പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയായ ചെന്താമരയെ കണ്ടെത്താനാകാതെ ഉഴറുകയാണ് പൊലീസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാട്ടുകാരും പൊലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹവും ശക്തമാണ്. കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരുടെ പോസ്റ്റുമോർട്ടം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും.
ഇന്നലെ രാത്രിയിലും വനത്തിനുള്ളിൽ ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്. ചെന്താമരയ്ക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് ഇപ്പോൾ വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്താമരയുടെ സഹോദരനുമായി പൊലീസ് തിരുപ്പൂരിലേക്ക് പോയിട്ടുണ്ട്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
 
			    					         
								     
								    













