എ.ഡി.എം. നവീൻ ബാബുവിനെതിരെ തെളിവില്ല; അന്വേഷണ റിപ്പോര്‍ട്ട് ഉടൻ
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു പെട്രോള്‍ പമ്ബ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍.
എൻ.ഒ.സി. അനുവദിക്കുന്നതില്‍ നവീൻ ബാബു ഫയല്‍ ബോധപൂർവം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് കണ്ണൂർ കളക്ടറുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിലെത്തിയായിരുന്നു മൊഴിയെടുപ്പ്.
പെട്രോള്‍ പമ്ബ് അനുവദിക്കുന്നതില്‍ ബോധപൂർവം ഫയല്‍ വൈകിപ്പിച്ചു, എൻ.ഒ.സി. നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീൻ ബാബുവിനെതിരെ ഉയർന്ന ആരോപണങ്ങള്‍. എന്നാല്‍, ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ.ഗീതയുടെ നേതൃത്വത്തില്‍ നടത്തുന്ന വകുപ്പുതല അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. മൊഴികള്‍ എല്ലാം എ.ഡി.എമ്മിന് അനുകൂലമാണെന്നും റിപ്പോർട്ടുകളുണ്ട്.
എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും പി.പി. ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ലെന്നുള്ളതും വലിയ ആരോപണങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പോലീസ് മനപൂർവം ദിവ്യയെ സഹായിക്കുകയാണെന്നാണ് ആരോപണങ്ങള്‍.