ഇനി ഞാൻ പറയട്ടെ, ഞാൻ തന്നെയാ പാലത്തായിലെ കുട്ടിയെന്ന്?? പേടിച്ച് വിറച്ച പെൺകുട്ടിയിൽ നിന്ന്, തലയുയർത്തി നിൽക്കുന്ന ഒരു പോരാളിയിലേക്കുള്ള അവളുടെ മാറ്റത്തെ കുറിച്ച് അഡ്വക്കേറ്റ് ഭാസുരി
പല പീഡനകേസുകളും കോടതികളിൽ എത്തുമ്പോൾ മതിയായ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ ദുർബലമായി മാറാറുണ്ട്. അതിന്റെ പുറത്ത് വിധികൾ വരുമ്പോൾ, സാധാരണയായി പബ്ലിക് പ്രോസിക്യൂട്ടർ ആയിരിക്കും പൊതുജനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന ആൾ
പാലത്തായിയിൽ സ്വന്തം അധ്യാപകന്റെ പീഡനത്തിനിരയായ കുഞ്ഞിന് ലഭിച്ചത് വലിയ നീതിയാണെന്ന് കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി പറഞ്ഞിരുന്നു. പാലത്തായിയിൽ നാലാംക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ച കേസിൽ അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പത്മരാജനെ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ ആണ് പ്രോസിക്യൂട്ടറുടെ പ്രതികരണം ഉണ്ടായത്.
‘വെറും 10 വയസ്സുകാരി പെൺകുട്ടിയാണ് അതിജീവിത. അന്വേഷണത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ പ്രോസിക്യൂഷൻ കൃത്യമായ രീതിയിൽ കേസിൽ ഇടപെടുകയും നല്ല രീതിയിലുള്ള അന്വേഷണം നടക്കുകയും ചെയ്തു. പോക്സോ ആക്ട് പ്രകാരമുള്ള അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഒരുപാട് ബുദ്ധിമുട്ട് ആ കുഞ്ഞ് സഹിച്ചിട്ടുണ്ട്. അവർക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് ഈ വിധി’ എന്നും അഡ്വക്കേറ്റ് ഭാസുരി പറഞ്ഞു.
2020 മാർച്ച് 17നാണ് പത്മരാജൻ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പീഡന തീയതി കുട്ടിക്ക് ഓർമയില്ലെന്ന് പറഞ്ഞതോടെയാണ് പൊലീസിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത്. പൊലീസിലെ ആർ.എസ്.എസ് സ്വാധീനമാണ് പിന്നീട് കണ്ടത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പാനൂർ എസ്.എച്ച്.ഒ ടി.പി. ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം രംഗത്തുവന്നത്. പ്രതി സ്കൂളിൽ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറിൽ രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗൺസലർമാരോടും ഡോക്ടറോടും നൽകിയ മൊഴി.
ദുർബല വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചതോടെ 90ാം ദിവസം പ്രതി ജാമ്യത്തിലിറങ്ങി. ഇതോടെ കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചു. കുട്ടി നൽകിയ രഹസ്യമൊഴി, കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തന്നെ വെളിപ്പെടുത്തിയതും വിവാദമായി. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മാതാവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചപ്പോൾ പെൺകുട്ടി കള്ളം പറയുകയാണ് എന്നാണ് അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്.
പ്രതിക്കെതിരെ പോക്സോ ചുമത്തി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.കെ. രത്നാകരനാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. വിചാരണവേളയിൽ അന്നത്തെ സ്കൂളിലെ പ്രധാനധ്യാപകൻ കെ.കെ. ദിനേശൻ പ്രതിക്ക് അനുകൂല മൊഴി നൽകിയിരുന്നു. പീഡനം നടന്നതിനുശേഷം മാസങ്ങളോളം കുട്ടി സ്കൂളിൽ വന്നിരുന്നില്ല. എന്നാൽ, സ്കൂൾ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയിരുന്നു. ഉച്ചക്കഞ്ഞി അലവൻസ് നിലനിൽക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രധാനാധ്യാപകൻ ഇതിന് നൽകിയ മറുപടി.
കേരളം മുഴുവൻ ചർച്ച ചെയ്ത പാലത്തായി പീഡനക്കേസിൽ വാർത്തകൾക്കും വിവാദങ്ങൾക്കും അപ്പുറം, പത്തു വയസ്സുകാരിയായ ആ കുഞ്ഞ് അനുഭവിച്ച ഒരു നരകമുണ്ടായിരുന്നു. അത് പുറംലോകം അധികം അറിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ മാറി മാറി വന്നപ്പോൾ, പത്തു തവണയാണ് ആ കുഞ്ഞിന് മൊഴി നൽകേണ്ടി വന്നത്. “എന്നെ കൊന്നാലും ഞാനിനി പരാതിക്കില്ല, ഞാനൊരു പരാതി പറഞ്ഞതുകൊണ്ടല്ലേ എനിക്കീ ഗതി വന്നത്” എന്ന് പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞ ദിവസങ്ങളുണ്ടായിരുന്നു.
അവൾക്ക് അച്ഛനില്ലായിരുന്നു. അച്ഛൻ മരിച്ചതോടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം അധ്യാപകനെ ഒരു അച്ഛന്റെ സ്ഥാനത്താണ് അവൾ കണ്ടിരുന്നത്. ആ വിശ്വാസമാണ് അയാൾ മുതലെടുത്തത്. സ്കൂളിലെ ശുചിമുറിയിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ അവൾക്ക് രക്തസ്രാവം ഉണ്ടായി. അന്ന് അയാൾ തന്നെയാണ് അവൾക്ക് പാഡ് നൽകിയത്. പീഡനത്തേക്കാൾ വലിയ ആഘാതമാണ് കൗൺസിലിംഗ് എന്ന പേരിൽ അവൾക്ക് ലഭിച്ചത്.
ഒരു പുരുഷനെപ്പോലും അതുവരെ അത്തരത്തിൽ കാണാത്ത പത്ത് വയസ്സുള്ള ആ കുട്ടിയോട്, മേശപ്പുറത്തിരുന്ന സാനിറ്ററി ബോക്സ് ചൂണ്ടിക്കാട്ടി “അയാളുടെ അവയവത്തിന് ഇതിന്റെ വലിപ്പമുണ്ടോ?” എന്ന് കൗൺസിലർമാർ ചോദിച്ചുവത്രേ. സാധാരണ പോക്സോ കേസുകളിൽ കുട്ടികളിൽ നിന്ന് ഒന്നോ രണ്ടോ തവണയാണ് മൊഴിയെടുക്കുക. എന്നാൽ ഈ കുട്ടിയിൽ നിന്ന് 10 തവണയാണ് പോലീസ് മൊഴിയെടുത്തത്.
ഈ കേസും അന്വേഷണവും കാരണം അവളുടെ രണ്ട് വർഷത്തെ സ്കൂൾ പഠനമാണ് നഷ്ടപ്പെട്ടത്. കൂട്ടുകാർ ഒറ്റപ്പെടുത്തുമോ എന്ന ഭയം, അധ്യാപകരിൽ നിന്നുള്ള മോശം അനുഭവങ്ങൾ എന്നിവ കാരണം അവളെ മറ്റൊരു സ്കൂളിലേക്ക് മാറ്റേണ്ടി വന്നു. ഒടുവിൽ കോടതിയിലേക്ക് വരാൻ പോലും അവൾക്ക് ഭയമായിരുന്നു.
പക്ഷേ, ആ വിധി വന്ന ദിവസം എല്ലാം മാറിമറിഞ്ഞു എന്നാണ് അഡ്വക്കേറ്റ് ഭാസുരി പറയുന്നത്. അന്ന് ഓഫീസിൽ ഇരിക്കുമ്പോൾ, അവൾ പിന്നിലൂടെ വന്ന് എന്നെ മുറുകെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഒരു ചോദ്യം ചോദിച്ചു. “ആന്റി… ഇനി ഞാൻ പറയട്ടെ, ഞാൻ തന്നെയാ പാലത്തായിലെ കുട്ടിയെന്ന്?”
“ഇനി സ്കൂളിൽ വെച്ച് ഏതെങ്കിലും കുട്ടികൾ എന്നെ തിരിച്ചറിഞ്ഞാൽ, ഞാൻ എഴുന്നേറ്റ് നിന്ന് പറയും.. അതെ, ഞാനാണ് ആ പാലത്തായിലെ കുട്ടി! ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്ന്..
ഭയന്ന് വിറച്ചിരുന്ന ആ പെൺകുട്ടിയിൽ നിന്ന്, തലയുയർത്തി നിൽക്കുന്ന ഒരു പോരാളിയിലേക്കുള്ള അവളുടെ ആ മാറ്റം, അതായിരുന്നു തന്റെ ഏറ്റവും വലിയ വിജയം എന്നും, നിയമപോരാട്ടങ്ങൾ ജയിക്കുന്നതിനേക്കാൾ വലുതാണ്, ഇതുപോലെ ഒരു കുഞ്ഞ് തിരികെ ജീവിതത്തിലേക്ക് കയറിവരുന്നത് കാണുമ്പോൾ ലഭിക്കുന്ന സന്തോഷമെന്നും പറയുകയാണ് അഡ്വക്കേറ്റ് ഭാസുരി.













