പാലക്കാട്ടും സദാചാര ഗുണ്ടായിസം; ഒരാൾ കസ്റ്റഡിയിൽ
പാലക്കാട് കരിമ്പയിൽ ബസ് സ്റ്റോപ്പിൽ ഒരുമിച്ച് ഇരുന്നതിന്റെ പേരിൽ സ്കൂൾ വിദ്യാർഥികളെ മർദിച്ചതായി പരാതി. കരിമ്പ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കരിമ്പ സ്വദേശി സിദിഖിനെ കസ്റ്റഡിയിലെടുത്തു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു വിദ്യാർഥികക്ക് നേരെ സദാചാരആക്രമണം. ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിനെ നാട്ടുകാരെന്ന് പറഞ്ഞെത്തിയ യുവാക്കള്‍ ചോദ്യം ചെയ്തു. പിന്നാലെ പെണ്‍കുട്ടികളെ തടഞ്ഞ്, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ സഹപാഠികളായ അഞ്ച് ആൺകുട്ടികൾ ചോദ്യം ചെയ്തു. തുടർന്ന് ഇവരെ മർദിക്കുകയായിരുന്നു. കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെ മര്‍ദനമേറ്റു.
കണ്ടാലറിയുന്ന ചിലർ കൂട്ടംചേർന്നു മർദിച്ചു എന്നാണ് വിദ്യാർഥികളുടെ പരാതി.
5 വിദ്യാർഥികളാണ് പരാതി നൽകിയത്. മർദനത്തിൽ പരിക്കേറ്റ വിദ്യാർഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സദാചാര പൊലീസിങ്ങാണ് തങ്ങൾക്കുനേരെ ഉണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു. സദാചാര പൊലീസിങ് നീതീകരിക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.
തിരുവനന്തപുരത്ത് സമാനമായ രീതിയിലുണ്ടായ ഇടപെടലും അതിൽ വിദ്യാർഥികളുടെ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
Content Highlights: Palakkad moral policing