പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായവരുടെ എണ്ണം 39 ആയി, കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പൊലീസ്
പത്തനംതിട്ടയിൽ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായാണ് ഇവർ അറസ്റ്റിലായത്. വൈകിട്ടോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു പോലും അതിക്രമം നേരിട്ടു. പെൺകുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവർമാർ, അവർക്ക് കൂട്ടുനിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.