പെനി ഐസ്ക്രീം കമ്പനി ജീവനക്കാരനെ മർദ്ദിച്ച്, കൊലപ്പെടുത്താൻ നീക്കം; കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം പ്രതികൾ

കാക്കനാട് പ്രവർത്തിക്കുന്ന പെനി എന്ന ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശിയെ രാത്രി ബലമായി തടങ്കലിൽ വെക്കുകയും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചില രേഖകളിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. ഈ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരുടെ കൃത്യമായ ഇടപെടൽ മൂലം തക്ക സമയത്ത് കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ കൊണ്ടെത്തിച്ചതിനാൽ ഇയാളുടെ ജീവനു അപായം ഉണ്ടാകാതെ രക്ഷപ്പെട്ടു. പെനി ഐസ് ക്രീം കമ്പനിയുടെ ജനറൽ മാനേജരായ നിഹാൽ, ഓപ്പറേഷൻ മാനേജരായ രാഗേഷ്, കമ്പനിയിലെ സിഎഫ് ഓ ആയ എൽദോസ് എന്നിവർ ചേർന്നാണ്, തിങ്കളാഴ്ച രാത്രി 12 മണിക്ക് ജിഷ്ണു ബാലകൃഷ്ണൻ എന്ന ഈ ജീവനക്കാരനെ തടങ്കലിലാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിക്കാർ പറയുന്നു.
രാത്രി തുടങ്ങി നേരം വെളുക്കുന്നതു വരെ ക്രൂരമായ പീഢന പരമ്പര ആയിരുന്നു അരങ്ങേറിയത്. മരിക്കുന്നതിന് മുമ്പ് ചില രേഖകൾ ഒപ്പിട്ട് വാങ്ങുക എന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നത്രേ. ഏറെ വൈകി സംഭവമറിഞ്ഞ നാട്ടുകാരുടെ ഇടപെടലാണ് ഒരു യുവാവിനെ ദാരുണ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. കാക്കനാടും പരിസര പ്രദേശത്തുമുള്ള വൻകിട മയക്കുമരുന്നു വിൽപനക്കാരും ഗുണ്ടകളുമായി നിരന്തര സമ്പർക്കമുള്ളയാളാണ് നിഹാൽ ഉൾപ്പെടെയുള്ള കമ്പനിയുടെ ചില ആളുകളെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ കമ്പനിയുടെ ജി.എസ്, ടി ഇടപാടുകളിലെ കള്ളത്തരങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ഏജൻസികൾ അന്വേഷണ വിധേയമാക്കിയിരുന്നതായി പറയപ്പെടുന്നു.അതു പോലെ ഈ കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിൻ്റെ വിശ്വാസതയെ കുറിച്ചും നാട്ടിൽ ചർച്ചകൾ നടക്കുമ്പോഴാണ് സ്വന്തം ജീവനക്കാരനെ തട്ടിക്കൊണ്ട് പോയ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിലെ ദുരുഹത കൃത്യമായി ഏജൻസികൾ അന്വേഷിക്കണമെന്നും കാക്കനാട് നിവാസികൾ ആവശ്യപ്പെടുന്നു. മൂവാറ്റുപുഴ നെല്ലാട് കിൻഫ്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ഐസ്ക്രീം കമ്പനിക്ക് പല സ്ഥലത്തും ഔട്ലെറ്റുകളും ഓൺലൈൻ സെർവീസുമുണ്ട്. കാക്കനാട് വാഴക്കാലയിലെ ഔട്ലെറ്റിൽ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി ജിഷ്ണുവിനെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രതികൾ നടത്തി വന്നിരുന്ന പെനി ഐസ് കാൻഡി എന്ന സ്ഥാപനത്തിലെ കൗണ്ടർ സ്റ്റാഫായ ജിഷ്ണു ബാലകൃഷ്ണനും സുഹൃത്ത് ജുനൈദും ചേർന്ന് സാമ്പത്തിക തിരിമറി നടത്തി എന്നപേരിലാണ് തട്ടിക്കൊണ്ടുപോകലും കൊലപാതക ശ്രമവും നടന്നത്. ഭാരത് മത കോളേജിന് അടുത്തുള്ള പെനി ഐസ് കാൻഡി സ്ഥാപനത്തിന്റെ ഒരു മുറിയിൽ രാത്രി 12 മുതൽ വെളുപ്പിന് 7 മാണി വരെയായിരുന്നു മർദ്ദനം നടന്നത്. ഇതുകൂടാതെ മർദ്ദിച്ച് അവശനാക്കിയ ശേഷം. രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ പ്രതികൾക്ക് നല്കാനുണ്ടെന്ന് കാണിച്ച്, ജിഷ്ണുവിനെ കൊണ്ട് മുദ്രപത്രത്തിൽ എഴുതി വാങ്ങിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ് ജിഷ്ണു ബാലകൃഷ്ണൻ.
ഐസ്ക്രീമിന്റെ ഗുണനിലവാരത്തെപ്പറ്റി പരാതികളുയരുന്ന സമയത്താണ് ഈ മർദ്ദനം നടന്നിരിക്കുന്നത്. ഒരു ജീവനക്കാരൻ പണം തട്ടിഎടുത്ത കേസാണെങ്കിൽ കമ്പനിക്ക് പോലീസിൽ പരാതിപ്പെടാവുന്നതേയുള്ളൂ. അതാണ് ഏറ്റവും നല്ല പരിഹാരമാർഗം. പകരം രാത്രി അയാളെയും സുഹൃത്തിനെയും പിടിച്ച് കെട്ടി മർദ്ദിക്കുന്നതും ബലമായി രേഖകൾ ഒപ്പിട്ടു വാങ്ങുന്നതും ഗുണ്ടായിസം തന്നെയാണ്. സമാനമായ പല സംഭവങ്ങളിലും പ്രതികൾ ഉൾപ്പെട്ടതായാണ് അറിയുന്നത്. എന്നാൽ ഇവരെ ഭയന്നിട്ടാണ് പലരും പരാതി നല്കാത്തതെന്നും നാട്ടുകാർ പറയുന്നു.
എന്തായാലും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 127(2), 115(2), 296(b), 351(2), 308(2), 3(5) എന്നിവയാണ് ചുമത്തിയിട്ടുള്ള വകുപ്പുകൾ.