നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ പോക്സോ കേസ്: നടപടി വൈകുന്നതായി പരാതി

ബന്ധുവീട്ടില്‍വച്ച് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ തുടർ നടപടികള്‍ വൈകുന്നു എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍.
ഇതുസംബന്ധിച്ച് ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നല്കി. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അതിനാല്‍ കുട്ടിയെ സ്കൂളില്‍ അയയ്ക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അതിനിടെ കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതില്‍ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം എട്ടിനാണ് ജയചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് കുട്ടിയെ പൊലീസ് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് കൈമാറി. പിന്നീട് കുട്ടിയുടെ സംരക്ഷണാവകാശം ബന്ധുവായ സ്ത്രീയ്ക്ക് കൈമാറുകയും ചെയ്തു. സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നല്‍കണമെന്നാണ് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി കസബ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് ഇതുവരെയും നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.