35 ദിവസങ്ങൾക്കു ശേഷം പ്രജ്വൽ രേവണ്ണ അറസ്റ്റിൽ;ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും
ഒടുവിൽ 35 ദിവസങ്ങൾക്കു ശേഷം പ്രജ്വൽ രേവന്ന കീഴടങ്ങിയിരിക്കുന്നു . . ലൈംഗികാതിക്രമ കേസിൽ പ്രതിചേർക്കപ്പെട്ട ഹാസൻ എം പിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയെ അറസ്റ് ചെയ്തു . ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ പ്രജ്വലിനെ അന്വേഷണ സംഘം ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് ജർമനിയിലെ മ്യൂണിക്കിൽ നിന്ന് തിരിച്ച വിമാനം വെള്ളിയാഴ്ച പുലർച്ചെ 12:30 ന് വിമാനത്താവളത്തിൽ എത്തിയതോടെയാണ് അറസ്റ്റിനു വഴി ഒരുങ്ങിയത്. മെയ് 31ന് അന്വേഷണ സംഘം മുൻപാകെ കീഴടങ്ങുമെന്ന വീഡിയോ സന്ദേശം നേരത്തെ തന്നെ പ്രജ്വൽ പുറത്തു വിട്ടിരുന്നു. പറഞ്ഞ ദിവസം തന്നെ ടിക്കറ്റെടുത്തെന്നും യാത്ര തിരിച്ചെന്നും ഉറപ്പിച്ച അന്വേഷണ സംഘം പ്രതിയെ വിമാനത്താവളത്തിനകത്തു വച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ സജീകരണങ്ങളും ചെയ്തിരുന്നു. പ്രതി അന്വേഷണസംഘത്തെ കബളിപ്പിച്ച് മറ്റേതെങ്കിലും വിമാനത്താവളത്തിൽ എത്തി ചേർന്നേക്കാമെന്ന അഭ്യൂഹം പ്രചരിച്ചതോടെ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ലുഫ്താൻസാ എയർലൈൻസിന്റെ LH764 എന്ന വിമാനത്തിലാണ് പ്രജ്വൽ ബെംഗളൂരുവിലെത്തിയത്. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച പ്രജ്വലിനെ എക്കണോമിക് ക്ലാസിലെ യാത്രക്കാരെ ഇറക്കിയ ശേഷമാണ് പുറത്തിറക്കിയത്. വിമാനത്തിന് സമീപം സിഐഎസ്എഫിന്റെ സുരക്ഷാ വിന്യാസമുണ്ടായിരുന്നു.
മറ്റു യാത്രക്കാർ വിമാനത്താവളത്തിന് പുറത്തെത്തി എന്നുറപ്പാക്കിയ ശേഷമാണ് പ്രജ്വലിനെ സിഐഎസ്എഫ് സുരക്ഷിതമായി വിമാനത്തിൽ നിന്നിറക്കിയത്. ബ്ലൂ – റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കപ്പെട്ട പ്രതിയെ ഇമിഗ്രെഷൻ ഉദ്യോഗസ്ഥർ പരിശോധിക്കുകയും വൈകാതെ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു.
കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുമായാണ് അന്വേഷണ സംഘ തലവൻ പ്രജ്വലിനെ സമീപിച്ചത്. യാതൊരു എതിർപ്പുകളും പ്രകടിപ്പിക്കാൻ നിൽക്കാതെ പ്രജ്വൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് വിഐപി ഗേറ്റു വഴി അന്വേഷണ സംഘം അതീവ സുരക്ഷയിൽ പ്രതിയെ പോലീസ് വാഹനത്തിലേക്ക് കയറ്റി ബെംഗളൂരുവിലെ എസ്ഐടി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 27 ന് രാജ്യം വിട്ട പ്രജ്വൽ രേവണ്ണ അറസ്റ്റിലാകുന്നത് മുപ്പത്തിനാല് ദിവസങ്ങൾക്കു ശേഷമാണ്. നാനൂറോളം സ്ത്രീകളെ ലൈംഗികാതിക്രമത്തിനു വിധേയരാക്കി മൂവായിരത്തോളം വീഡിയോകൾ പ്രജ്വൽ ചിത്രീകരിച്ചെന്നാണ് കണ്ടെത്തൽ. സ്വന്തം വീട്ടിലെ സഹായി ആയ സ്ത്രീ ഉൾപ്പടെ മൂന്നു അതിജീവിതരാണ് പ്രജ്വലിനെതിരെ പരാതി നൽകിയിരിക്കുന്നത്.
വിമാനത്താവളം മുതൽ ബെംഗളൂരു വരെയുളള 35 കിലോമീറ്റർ ദൂരം വാഹന ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചായിരുന്നു പ്രജ്വലിന്റെ യാത്ര. വഴിയിലുടനീളം പോലീസിനെ വിന്യസിച്ചിരുന്നു. പ്രതിയുടെ മുഖംചാനൽ ക്യാമറകളിൽ പതിയാതിരിക്കാൻ പോലീസിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടായി.
. ജര്മനയിയിൽ ആയിരുന്ന പ്രജ്വല് മേയ് 31ന് രാവിലെ പത്തിന് പ്രത്യേക അന്വേഷണസംഘത്തിനു മുന്പാകെ കീഴടങ്ങുമെന്നു നേരത്തെ തന്നെ അറിയിച്ചിരുന്നു . പ്രജ്വല് രേവണ്ണ തന്നെയാണ് ഇക്കാര്യം ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ വഴി അറിയിച്ചത്. ഹാസൻ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് തനിക്കെതിരായ കേസുകൾക്കാധാരം. ഏപ്രിൽ 26 ലെ ജർമനി യാത്ര മുൻ നിശ്ചയപ്രകാരം നടന്നതാണ്. ജർമനിയിലെത്തി മൂന്നുദിവസം കഴിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെയാണ് കർണാടകയിലെ സംഭവങ്ങൾ അറിഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘത്തോട് സമയം ചോദിച്ചിരിന്നു. അഭിഭാഷകൻ മുഖേന ഈ ആവശ്യം നിയമപരമായി തന്നെ അറിയിച്ചിരുന്നെകിലും അവർ സമയം തന്നില്ല. വിഷാദരോഗം ബാധിച്ചതിനാൽ ജർമനിയിൽ സമ്പർക്കരഹിത ചികിത്സയിലായിരുന്നെന്നും ആയിരുന്നു പ്രജ്വൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നത് ..