അയോധ്യയിലെ ഹനുമാൻഗര്‍ഹി ക്ഷേത്രത്തിലെ പൂജാരി കൊല്ലപ്പെട്ടു; സംശയം ശിഷ്യന്മാരിൽ
അയോധ്യയിലെ അയോധ്യയിലെ ഹനുമാൻഗര്‍ഹി ക്ഷേത്രത്തിലെ പുരോഹിതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹനുമാൻഗര്‍ഹി ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുറിയിലാണ് രാം സഹ്രേ ദാസ് രണ്ട് ശിഷ്യര്‍ക്കൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് പുരോഹിതനെ രാമജന്മഭൂമി പരിസരത്തെ അതീവ സുരക്ഷാ മേഖലയിലുള്ള മുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിചയമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പുരോഹിതന്റെ കൂടെ താമസിച്ചിരുന്ന ഒരാളെ ചോദ്യം ചെയ്തു വരികയാണെന്നും രണ്ടാമനെ കാണാതായെന്നും പൊലീസ് വ്യക്തമാക്കി. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനായി നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
രാവിലെ ഏഴ് മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പുരോഹിതൻ പ്രഭാത പ്രാര്‍ത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തറുത്ത നിലയില്‍ ദാസിന്റെ മൃതദേഹം കണ്ടെത്തിയത്.
ഹനുമാൻഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിമാരില്‍ ഒരാളായിരുന്നു ദാസ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ദാസിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ആയുധം ഇനിയും കണ്ടെടുക്കാനായിട്ടില്ല. ബുധനാഴ്ച രാത്രി ദാസ് തന്റെ ശിഷ്യന്മാരുമായി അഭിപ്രായ വ്യത്യാസമുണ്ടായതായും ഇത് ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.