25 കോടി പിഴ അടച്ചെന്ന വാർത്ത വ്യാജം: കേസ് ഫയൽ ചെയ്തു നടൻ പൃഥ്വിരാജ് സുകുമാരൻ
സാമ്പത്തിക ക്രമക്കേടുമായി ബന്ധപെട്ടു 25 കോടി പിഴയടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികളേ തുടർന്ന് താരം പണമടച്ചു എന്ന് ആയിരുന്നു വാർത്തകൾ.
ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ..
“വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്.” സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. തനിക്കെതിരെ വാർത്ത പുറത്തുവിട്ട ചാനലിന്റെ പേര് സഹിതം പരാമർശിച്ചാണ് നിയമനടപടി സ്വീകരിക്കുന്ന കാര്യം നടൻ അറിയിച്ചത്.