പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും റെയ്ഡ്; 1.77 ലക്ഷം പിടികൂടി
പാലക്കാട് ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. 1.77 ലക്ഷം രൂപ അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി പിടികൂടിയിട്ടുണ്ട്.
പാലക്കാട് ജില്ലാ അതിർത്തിയിലെ വാഹന ചെക്ക് പോസ്റ്റുകൾ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതേ തുടർന്ന് കഴിഞ്ഞ 10-ാം തിയ്യതി രാത്രി 11 മണി മുതൽ, പുലര്‍ച്ചെ മൂന്ന് വരെ നടത്തിയ മിന്നൽ പരിശോധനയിൽ 1,49,490 രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു.
പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുവാഹനങ്ങൾ, കരിങ്കൽ ഉത്പ്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നിവരിൽ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയ ആർടിഒ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു. 13 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ.