മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ക്രൂരമായി മര്‍ദിച്ചു; പരാതിയുമായി യുവാവ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് യുവാവിന്റെ പരാതി. സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് യുവാവ് പരാതി നല്‍കിയത്.
അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി. ശ്രീകുമാറാണ് പരാതി നല്‍കിയത്. ശ്രീകുമാറിനെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മേയ് 16ന് വീട്ടില്‍വച്ച് അപസ്മാരബാധയുണ്ടായതിനെ തുടര്‍ന്ന് സുഹൃത്ത് തന്നെ പേരൂര്‍ക്കട ആശുപത്രിയില്‍ കൊണ്ടുപോയെന്നും തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെന്നും പരാതിയില്‍ പറയുന്നു.
അഡ്മിറ്റ് ചെയ്ത ശേഷം സുഹൃത്ത് അമ്മയെ വിളിക്കാന്‍ വീട്ടിലേക്കു പോയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സെക്യൂരിറ്റി ഓഫീസറുടെ മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.