ലൈംഗിക പീഡനം; ആര്‍സിബി പേസര്‍ യഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ലൈംഗിക പീഡന പരാതിയില്‍ ഇന്ത്യന്‍ താരവും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പേസറുമായ യഷ് ദയാലിന്റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി തടഞ്ഞു. താരത്തിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാനത്തിന്റെ അഭിഭാഷകനോടു ആവശ്യപ്പെട്ടു. കൂടാതെ കേസില്‍ എതിര് വാദം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് കോടതി നോട്ടീസും അയച്ചു.
യഷ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ജൂലൈ ആറിനാണ് ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലിനെ സമീപിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ദിരാപുരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് താരത്തിനെതിരെ എഫ്ഐആറില്‍ പറയുന്ന്. യഷ് ദയാലുമായി അഞ്ച് വര്‍ഷമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും താരം ശാരീരികമായി ചൂഷണം ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.