‘SFI നേതാക്കള്‍ സിദ്ധാര്‍ത്ഥനെ ആക്രമിച്ചത് താലിബാൻ ശൈലിയില്‍’; സിദ്ധാര്‍ഥന്റെ അമ്മ മുഖ്യമന്ത്രിയോട്
താലിബാൻ മോഡലില്‍ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ. നേതാക്കള്‍ ക്രൂരമായ ആള്‍ക്കൂട്ടവിചാരണയ്ക്കു വിധേയമാക്കിയതെന്ന് സിദ്ധാർത്ഥന്റെ രക്ഷാകർത്താക്കള്.
അന്വേഷണം സി.ബി.ഐ. നടത്തണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 18 വരെ എസ്.എഫ്.ഐ. നേതാക്കളുടെയും കോളേജിലെ യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തില്‍ മൂന്നുദിവസം നടന്ന ക്രൂരമായ ആള്‍ക്കൂട്ടവിചാരണയാണ് 20 വയസ്സുള്ള തന്റെ മകന്റെ മരണത്തിനു കാരണമായത്.
ഉത്തരേന്ത്യൻ വിദ്യാർഥികളാണ് തന്റെ മകൻ നേരിട്ട ക്രൂരവിചാരണ ആദ്യം വെളിപ്പെടുത്തുന്നത്. ഹോസ്റ്റലിലെ എല്ലാ കുട്ടികളുടെയും മുന്നില്‍ നഗ്നനാക്കിനിർത്തി ബെല്‍റ്റുകൊണ്ടും കേബിളുകൊണ്ടും അടിക്കുകയായിരുന്നു. ആന്തരിക മുറിവുകളുണ്ടായി ചികിത്സകിട്ടാതെയാണ് സിദ്ധാർഥൻ മരിക്കുന്നത്. തൂങ്ങിമരണമാണെന്നു പ്രചരിപ്പിക്കുന്നതു മുഖവിലയ്ക്കെടുക്കാൻപോലും സാധിക്കില്ല. വാലന്റൈൻസ് ഡേ ആഘോഷത്തില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം സിദ്ധാർഥൻ നൃത്തംചെയ്തത് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഷാനും കോളേജ് യൂണിയൻ പ്രതിനിധി ആസിഫ് ഖാനും ഇഷ്ടപ്പെട്ടില്ല. ഇതിനു പ്രതികാരമായാണ് സിദ്ധാർഥനെ അവർ ആക്രമിക്കുന്നത്.
എസ്.എഫ്.ഐ. നേതാവ് അമലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ അവർ ആക്രമിച്ചു.