ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖ് നല്കിയ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖ് നല്കിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു.
എന്നാല്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാനസർക്കാർ വാദം. അന്വേഷണവുമായി മുന്നോട്ട് പോവാൻ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. .
സ്ത്രീപീഡന സംഭവങ്ങളില്‍ പരാതിനല്കാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറയുകയുണ്ടായി. ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നല്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.