പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും . എറണാകുളം സിബിഐ കോടതിയുടേതാണ് ശിക്ഷ വിധി. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും വിധിച്ചു.
ഒന്നാം പ്രതിയും സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി മുൻ അംഗവുമായ എ പീതാംബരൻ, രണ്ടാം പ്രതി സജി സി ജോർജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനിൽ കുമാർ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി ആർ ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ അശ്വിൻ (അപ്പു ), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി രഞ്ജിത് ടി, പതിനഞ്ചാം പ്രതി വിഷ്ണു സുര ( എ സുരേന്ദ്രൻ) എന്നിവർക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.