പഠനം തുടരണമെന്ന് ആവശ്യം; ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യാപേക്ഷ നല്കി അനുപമ

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയായ പി അനുപമ ജാമ്യാപേക്ഷ നല്കി.
കൊല്ലം അഡീഷനല്‍ സെഷൻസ് കോടതി 1ല്‍ ഇന്നലെ അഡ്വക്കേറ്റ് പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നല്‍കണമെന്നാണ് ആവശ്യം.
കേസില്‍ ചാത്തന്നൂർ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ ആർ പത്മകുമാർ (51), ഭാര്യ എം ആർ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവരാണ് പ്രതികള്‍. 2023 നവംബർ 27ന് വെെകിട്ട് നാലരയോടെയാണ് മോചനദ്രവ്യം നേടാൻ ഇവർ ആറു വയസുകാരിയെ കാറില്‍ കടത്തിക്കൊണ്ടുപോയത്. ശേഷം തടങ്കലില്‍ പാർപ്പിച്ചു.എന്നാല്‍ പൊലീസ് തെരച്ചിലിന് പിന്നാലെ കുട്ടിയെ കൊല്ലത്തെ പാർക്കില്‍ ഉപേക്ഷിച്ച് മൂവരും തമിഴ്നാട്ടിലേക്ക് കടന്നു. ഇവിടെ നിന്നാണ് പ്രതികളെ പിടികൂടുന്നത്.
ഡിസംബർ രണ്ടിനാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ അന്വേഷണം നടത്തിയ ശേഷം കൊല്ലം റൂറല്‍ ക്രെെംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയിരുന്നു.