കോപ്പിയടി പിടിച്ചതിൻറെ പക തീർക്കാൻ പെൺകുട്ടികൾ പീഡനക്കേസ് കൊടുത്തു; 10 വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയിച്ച് തലയുയർത്തി നിൽക്കുന്ന പ്രൊഫസർ ആനന്ദ് വിശ്വനാഥൻ

പരീക്ഷക്കിടെ കോപ്പിയടി പിടിച്ചതിന് വിദ്യാർഥികൾ വ്യാജ പീഡനപരാതി നൽകിയ അധ്യാപകനെ കോടതി വിട്ടയച്ചു. മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്. എസ്.എഫ്.ഐക്കാരായ വിദ്യാർഥിനികൾ ആനന്ദിനെ കുടുക്കാൻ ഗൂഢാലോചന നടത്തിയതായി സർവകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
ഒരു പതിറ്റാണ്ടിലേറെ ചെയ്യാത്ത തെറ്റിന് കടുത്ത മാനസിക വേദന അനുഭവിച്ച അധ്യാപകൻ, ഒടുക്കം കോടതി വെറുതെ വിട്ടതിന്റെ ആശ്വാസത്തിലാണിപ്പോൾ. ആ പൊള്ളുന്ന അനുഭവത്തിന്റെ കഥകൾ അദ്ദേഹം തന്നെ പറയുന്നുണ്ട്.
മൂന്നാർ ഗവൺമെന്റ് കോളജിലെ അധ്യാപകനായിരുന്നു പ്രൊഫസർ ആനന്ദ് വിശ്വനാഥൻ. 2014 ഓഗസ്റ്റിൽ നടത്തിയ എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാർഥിനികളെ ആനന്ദ് കയ്യോടെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ പീഡന പരാതി നൽകിയത്.
എസ്.എഫ്.ഐ അനുഭാവികളായ വിദ്യാർഥിനികൾ പരാതി തയാറാക്കിയത് മൂന്നാർ സിപിഎം പാർട്ടി ഓഫിസിൽ വച്ചാണെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ഇക്കാര്യം വിദ്യാർഥിനികൾ തന്നെ സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. തന്നെ കുടുക്കാൻ വിദ്യാർഥികൾക്കൊപ്പം കോളജ് അധികൃതരും കൂട്ടുനിന്നതായാണ് ആനന്ദിന്റെ ആരോപണം.
2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാര്‍ഥിനികളാണ് പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നല്‍കിയത്. പ്രൊഫസര്‍ പരീക്ഷാഹാളില്‍ വെച്ച് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസില്‍ കുടുക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്.
ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്ട്രേറ്റ് കോടതിയില്‍ നാല് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ രണ്ടുകേസില്‍ ആനന്ദ് വിശ്വനാഥനെ വെറുതെവിട്ടു. എന്നാല്‍, മറ്റ് രണ്ടു കേസില്‍ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ചുമത്തി ശിക്ഷിച്ചു.
ഇതിനെതിരെ ആനന്ദ് വിശ്വനാഥന് 2021-ല്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്കി. ഇത് പരിഗണിച്ച കോടതി കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് നീരീക്ഷിച്ചു. പോലീസിനെതിരെയും വിമര്‍ശനമുണ്ടായി. പീഡനക്കേസില്‍ കുടുക്കി പക വീട്ടാനുള്ള ശ്രമത്തിന് പ്രിന്‍സിപ്പള്‍ കൂട്ടുനിന്നെന്നും കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
ആനന്ദിനെ കുടുക്കാന്‍ അധ്യാപകരുള്‍പ്പെടെയുള്ള കോളജ് അധികൃതരും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നതായാണ് ആരോപണം. ഗൂഢാലോചനയില്‍ അന്നത്തെ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുള്ളതായി ആനന്ദ് വിശ്വനാഥന് ആരോപിച്ചിരുന്നു. ആനന്ദ് വിശ്വനാഥന് വേണ്ടി അഭിഭാഷകരായ എസ് അശോകന്, ഷാജി ജോസഫ്, റെജി ജി നായര്‍, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാര്‍, അഭിജിത്ത് സി ലാല്‍ എന്നിവര്‍ ഹാജരായി.
ഒരാളെ കള്ളക്കേസിൽ കുടുക്കുന്നു. അതും ലൈംഗിക പീഡനകേസിൽ. അയാൾ നിയമപരമായി പോരാടി വിജയിച്ചു എന്നത് കാലത്തിന്റെ നീതി. പക്ഷെ ഇക്കാലമെല്ലാം ആ അധ്യാപകന് എത്രമാത്രം മനോവേദന ഉണ്ടായിരിക്കും. അയാളുടെ അയൽവാസികളും സമൂഹവും എല്ലാം എന്ത് മാത്രം ഒറ്റപ്പെടുത്തിക്കാണും. ഇത്തരം കേസുകളിൽ വ്യാജ ആരോപണം ഉന്നയിച്ചവർക്കും, ലൈംഗിക പീഡനത്തിനുള്ള അതെ ശിക്ഷ തന്നെയാണ് നൽകേണ്ടത്. വ്യാജ ആരോപണങ്ങൾ ഇല്ലാതാകാൻ അത്തരം നിയമങ്ങൾക്കേ കഴിയൂ.