വണ്ടിപ്പെരിയാര്‍ കേസ്: നീതി തേടി പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്; ഡിജിപിയെ കാണും
വണ്ടിപ്പെരിയാര്‍ കേസില്‍ നീതി തേടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. പ്രതി അര്‍ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസില്‍ സര്‍ക്കാര്‍ നല്കുന്ന അപ്പീലിലും കുടുംബം കക്ഷിചേരും. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സ്വകാര്യ ഹര്‍ജ്ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തും. പ്രതിയെ വെറുതെ വിട്ട കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധിക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടത്.
സാക്ഷിമൊഴികളും വിധിപ്പകര്‍പ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഡിജിപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.