വെറ്ററിനറി കോളജ് വിദ്യാര്‍ഥിയുടെ മരണം; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
വെറ്ററിനറി കോളജിലെ ആള്‍ക്കൂട്ട മർദനത്തില്‍ ഒളിവിലായിരുന്ന രണ്ട് എസ്.എഫ്.ഐ നേതാക്കള്‍ കൂടി കീഴടങ്ങി.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുണ്‍ എന്നിവർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്. മറ്റൊരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കിയിരിക്കുകയാണ് എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകള്‍.
രണ്ടാം വർഷ ബിരുദ വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ ദുരൂഹ മരണത്തില്‍ ഒളിവില്‍ പോയ 12 പ്രതികളില്‍ നാല് പേരാണ് ഇന്നലെ പിടിയിലായത്. എസ്.എഫ്.ഐ പ്രവർത്തകനായ മുഖ്യപ്രതി കൊപ്പം ആമയൂർ സ്വദേശി അഖിലിനെ പാലക്കാട്ടെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പത്ത് മണിയോടെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുണ്‍ എന്നിവർ കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലെത്തി കീഴടങ്ങി. വയനാട് സ്വദേശികളായ ഇരുവരേയും കൂടാതെ ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ട്.
എസ്.എഫ്.ഐ പ്രവർത്തകരായ എസ്. അഭിഷേക് അടക്കം ആറുപേരെ കഴിഞ്ഞ ദിവസവും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന എട്ട് പേരും എസ്.എഫ്.ഐ പ്രവർത്തകരാണെന്നാണ് വിവരം. അതിനിടെ, സംഭവത്തില്‍ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ് എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകള്‍. എം.എസ്.എഫും എ.ബി.വി.പിയും ഇന്നലെ കോളജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെ കെ.എസ്.യു ജില്ലാ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് സംഘടന പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.
കാമ്ബസിനകത്ത് ഒരു വിദ്യാർഥി ക്രൂര മർദനത്തിനിരയാവുകയും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്തിട്ടും എസ്.എഫ്.ഐ സമരരംഗത്തില്ലാത്തതും തങ്ങള്‍ക്ക് പങ്കില്ലെന്ന എസ്.എഫ്.ഐ വാദത്തെ ദുർബലമാക്കുന്നതായാണ് വിലയിരുത്തല്‍. അതിനിടെ, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രവർത്തനമാരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡി.വൈ.എസ്.പിയും അംഗമാണ്.