വയനാട് വെറ്ററിനറി സര്‍വകലാശാല വി.സിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തു; ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍
വയനാട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്പെൻഡ് ചെയ്തതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വെറ്റിനറി സർവകലാശാല വി.സി.
എം.ആർ. ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണറുടെ ഇടപെടല്‍. മൂന്ന് ദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെ ആയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി. ജുഡീഷ്യല്‍ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകള്‍ എസ്എഫ്ഐ ഹെഡ് ക്വാർട്ടേഴ്സുകള്‍ ആക്കി മാറ്റുകയാണ്. എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്.
സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞു. വൈസ് ചാൻസലർ സിദ്ധാർത്ഥന്റെ മരണത്തില്‍ ഉത്തരവാദപരമായി ഇടപെട്ടില്ലെന്നും സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു.