തോക്കുധാരിയുടെ തൂവാലയുടെ നിറം കണ്ട് പ്രധാനമന്ത്രി രാമരാജ്യമെന്ന് വിളിക്കുമോ? നളന്ദയില്‍ പ്രധാനാധ്യാപകനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ തേജസ്വി യാദവ്
പട്ന: നളന്ദ ജില്ലയിലെ ഹൈസ്കൂളില്‍ ബുധനാഴ്ചയാണ് ക്ലാസ് നടന്നുകൊണ്ടിരിക്കെ പ്രധാനാധ്യാപകനെ 19 കാരൻ വെടിവെച്ചു കൊലപ്പെടുത്തിയത്.
അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കൃത്യം നടത്തിയ ജഗൻ എന്ന ഉദല്‍ കുമാറിനെ പൊലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമിയെ അറസ്റ്റ് ചെയ്തിട്ടില്ല. തുടർന്ന് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബിഹാറിലെ ക്രമസമാധാന നില പൂർണമായി തകർന്നുവെന്നാണ് തേജസ്വിയുടെ ആരോപണം.
”പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നളന്ദയിലുണ്ടായിരിക്കുമ്ബോഴാണ് ഒരു ഗുണ്ട സ്കൂളിലേക്ക് അതിക്രമിച്ചു കയറി പ്രധാനാധ്യാപകനെ വെടിവെച്ചു കൊന്നത്. കുറ്റവാളി യഥേഷ്ടം വിഹരിക്കുകയാണ്. പ്രതിയുടെ തൂവാലയും ധരിച്ച വസ്ത്രത്തിന്റെ നിറവും കണ്ട് പ്രധാനമന്ത്രി ഇത് രാമരാജ്യമാണെന്ന് പറയമോ? തെരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞല്ലോ. 25 വർഷം മുമ്ബത്തെ ജംഗിള്‍ രാജിനെ കുറിച്ച് തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി ഇത് കണ്ടുകാണില്ല. എൻ.ഡി.എക്കാരനായ മുഖ്യമന്ത്രിക്കും സമാന മനസായതിനാല്‍ സർക്കാർ ചെലവില്‍ കുറ്റവാളികള്‍ സംസ്ഥാനത്ത് യഥേഷ്ടം വിഹരിക്കുകയാണ്.”-എന്നാണ് തേജസ്വി യാദവ് വിമർശിച്ചത്.
സ്കൂളിലെ മുൻ വിദ്യാർഥിയാണ് ജഗൻ. ഇയാള്‍ 55 വയസുള്ള പ്രധാനാധ്യാപകൻ സന്തോഷ് കുമാറിനു നേർക്ക് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ കാലില്‍ തുളച്ചുകയറി. തോക്കുമായി ജഗൻ പ്രധാനാധ്യാപകന്റെ ഓഫിസിലേക്ക് കയറിപ്പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ആ സമയത്ത് ഫോണില്‍ നോക്കി കസേരയിലിരിക്കുകയാണ് സന്തോഷ് കുമാർ. പെട്ടെന്ന് കസേരയില്‍ നിന്നെഴുന്നേറ്റ അദ്ദേഹത്തിനു നേരെ ജഗൻ വെടിയുതിർക്കുകയായിരുന്നു. സംഭവം സ്കൂള്‍ അധികൃതർ ഉടൻ പൊലീസില്‍ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞത്.